പത്തനംതിട്ട : കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരേയുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ സുസജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ എഎല്‍ ഷീജ അറിയിച്ചു.
കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയണം. ബാത്ത് അറ്റാച്ച്ഡും വായു സഞ്ചാരമുള്ളതുമായ മുറി ഉപയോഗിക്കണം. നാട്ടില്‍ വന്നാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കണം. വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. പാത്രങ്ങള്‍, ബെഡ് ഷീറ്റ്, കപ്പ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി(ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കണം.
സന്ദര്‍ശകരെ ഒരു കാരണവശാലും വീട്ടില്‍ അനുവദിക്കരുത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രത്തിലോ താഴെക്കാണുന്ന കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പരിലോ വിളിച്ച് മുന്‍കൂട്ടി അറിയിച്ച ശേഷം അവരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ എത്തണം. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഐസൊലേറ്റഡ് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ രോഗികളെ താമസിപ്പിച്ച് ആവശ്യമായ ചികിത്സ നല്‍കും.
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു- 04682-228220. പത്തനംതിട്ട ജനറല്‍ ആശുപത്രി- ഡോ. ആഷിഷ് മോഹന്‍ കുമാര്‍ 9947970079. കോഴഞ്ചേരി ജില്ലാ ആശുപത്രി-ഡോ.പ്രതിഭ 9447608856.