ടെഹ്റാന്‍ : ആശങ്കയുണർത്തി യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുന്നു. ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഹജ്ജ് – ഉംറ മന്ത്രാലയം ഇ-ട്രാക്ക് സംവിധാനമൊരുക്കുന്നു. മക്ക, മദീന സന്ദർശനത്തിന് ജി സി സി പൗരന്മാർക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇ- ട്രാക്ക് സംവിധാനം ഒരുക്കുന്നത്. നിലവിൽ സൗദിയിലുള്ള ഗൾഫ് പൗരന്മാർക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ ഹജ്ജ് – ഉംറ മന്ത്രാലയത്തിന്റെ ഇ- ട്രാക്ക് സംവിധാനം വഴി ഉംറ നിർവ്വഹിക്കാനുള്ള അനുമതി തേടാം. ഇ- ട്രാക്ക് സംവിധാനം ഉപയോഗിക്കാനായി ഹജ്ജ് – ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ജി സി സി പൗരന്മാർ തങ്ങളുടെ പൂർണ വ്യക്തിഗത വിവരങ്ങൾ നൽകണം. കൂടാതെ മക്കയിലെയും മദീനയിലെയും താമസസ്ഥലം, സൗദിയിൽ പ്രവേശിച്ച ദിവസം എന്നീ വിവരങ്ങളും നൽകണം.