തൃശൂർ : കൊറോണ ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരം. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ട്. ക്ഷീണാവസ്ഥക്ക് നല്ല കുറവുമുണ്ട്.
വിദ്യാർഥിനിയുടെ രക്തസ്രവ സാമ്പിൾ രണ്ടാമതും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയപ്പോഴും പോസിറ്റീവ് ആണെന്ന് വ്യക്തമായി. മൂന്നാമത് രക്തപരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ല. രോഗം ഭേദപ്പെട്ടാലും 28 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ചൈനയിൽനിന്നെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.
ദിവസവും മെഡിക്കൽ ബോർഡ് ചേർന്ന് ഈ കുട്ടിയുടെയും നിരീക്ഷണത്തിൽ കഴിയുന്ന മറ്റുള്ളവരുടെയും സ്ഥിതി വിലയിരുത്തുന്നുണ്ട്. ബുധനാഴ്ച വരെ ലഭിച്ച രക്തസാമ്പിൾ പരിശോധനാ റിപ്പോർട്ടിൽ മറ്റാർക്കും രോഗമുള്ളതായി കണ്ടെത്തിയിട്ടില്ല. തൃശൂരിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിനി ചൈനയിൽ വുഹാനിൽനിന്നാണ് കഴിഞ്ഞ 24ന് നാട്ടിലെത്തിയത്. വിമാനത്തിൽ ഈ കുട്ടിയോടൊപ്പം യാത്ര ചെയ്ത വിദ്യാർഥിക്കാണ് ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടും രോഗം സ്ഥിരീകരിച്ചത്. തൃശൂരിലെ വിദ്യാർഥിനിയോടൊപ്പം വിമാനത്തിൽ കേരളത്തിൽ എത്തിയവരേയും ഇവരുമായി സമ്പർക്കം പുലർത്തിവരേയും ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.