റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ. സൗദിയിലെ അബഹയിൽ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് യുവതിയെ പരിചരിച്ച നഴ്സുമാരെയാണ് മുന്‍കരുതലെന്ന നിലയിൽ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയത്. എന്നാൽ മതിയായ പരിചരണമോ ഭക്ഷണമോ നല്‍കുന്നില്ലെന്ന് നഴ്സുമാര്‍ റിയാദിലെ ഇന്ത്യൻ എംബസിക്ക് പരാതി നല്‍കി. ഫിലിപ്പീന്‍സ് യുവതിയെ ശുശ്രൂഷിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.
അബഹ അൽ ഹയാത്ത് ആശുപത്രിയിലെ മുപ്പത് മലയാളി നഴ്‌സുമാരാണ് ദുരിതത്തിൽ കഴിയുന്നത്. പ്രത്യേക മുറിയിലേക്ക് മാറ്റിയെങ്കിലും ഇവർക്ക് മതിയായ പരിചണം ലഭിക്കുന്നില്ല. കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ല എന്നാണ് നഴ്സുമാരുടെ പരാതി. രോഗബാധയേറ്റോയെന്ന് സ്ഥിരീകരിക്കാൻ സ്രവം കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ കഴിഞ്ഞയാഴ്ചയാണ് അല്‍ ഹയാത്ത് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചത്. ഇവരെ പരിചരിച്ച ഏറ്റുമാനൂർ സ്വദേശിനിയായ മലയാളി നഴ്‌സിന് കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം ചൈനയിലും അമേരിക്കയിലും കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം നൽകിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകമായി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. രോഗബാധ പ്രതിരോധിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.