തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ ഇല്ലാത്ത കടമുറി ലേലം ചെയ്ത് ഉദ്യോഗസ്ഥ അഴിമതി. കോര്‍പറേഷന്‍റെ ഗോള്‍ഡന്‍ ജൂബിലി കെട്ടിടത്തില്‍ ഇല്ലാത്ത കടമുറി ഉണ്ടെന്ന് വരുത്തിയാണ് ഉദ്യോഗസ്ഥര്‍ ലേലം നടത്തിയത്. ലേലം പിടിച്ചയാള്‍ പിന്നീട് പാര്‍ക്കിങ് ഏരിയ കെട്ടിയടച്ച് അനധികൃതമായി കടമുറി പണിയുകയും അതിന് കെട്ടിട നമ്പര്‍ നേടിയെടുക്കുകയും ചെയ്തു.
ഇല്ലാത്ത ഒരു കെട്ടിടം, കോര്‍പറേഷനിലെ റവന്യൂ വിഭാഗവുമായി ഒത്തുകളിച്ച് വാടക നിശ്ചയിച്ച് ലേലത്തിന് വെക്കുന്നു. ലേലം കിട്ടിയ ദിവസം പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് ഷട്ടറുകള്‍ നിര്‍മിച്ച് വഴി തടസ്സപ്പെടുത്തി കടമുറി ആക്കിയെടുക്കുന്നു. ഞെട്ടിക്കുന്ന സംഭവമാണ് തിരുവനന്തപുരം കോര്‍പറേഷന്‍റെ സ്വന്തം കെട്ടിടത്തില്‍ നടന്നത്.
നഗര മധ്യത്തിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ പാര്‍ക്കിംഗ് സ്ഥലം കെട്ടിയടച്ചാണ് കസവുമാളിക എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2018 ഫെബ്രുവരിയിലാണ് കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം പാര്‍ക്കിംഗ് സ്ഥലത്ത് ഇല്ലാത്ത മുറിയ്ക്കായി വാടക നിശ്ചയിച്ചത്. റവന്യൂ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് പോലും കൊടുക്കാതെ ലേലത്തിന് വെച്ചു. ലേലം കിട്ടിയ കട നടത്തിപ്പുകാരന്‍ ഷിംജു ചന്ദ്രന് പാര്‍ക്കിംഗ് സ്ഥലം രണ്ട് ഷട്ടറുകള്‍ നിര്‍മ്മിച്ച് കടമുറിയാക്കുകയായിരുന്നു.