കൊച്ചി : ബത്തേരി കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും സാക്ഷി പ്രസീത അഴീക്കോടിന്റെയും ശബ്ദ പരിശോധന നടത്തി. സുരേന്ദ്രനെതിരായ കോഴയാരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രസീത അഴീക്കോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ചെലവിനെന്ന പേരില്‍ ബി ജെ പി മൂന്നരക്കോടി രൂപ ബത്തേരിയിലെത്തിച്ചുവെന്നും തുക പലരും വീതിച്ചെടുത്തതായും പ്രസീത ആരോപിച്ചു. കേസിലെ ശബ്ദ സാമ്പിള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ശബ്ദ പരിശോധന.
ബത്തേരിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് ക്രൈെംബ്രാഞ്ച് ശബ്ദ പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും ജാനുവിന് നല്‍കിയെന്ന് വ്യക്തമാക്കുന്ന സുരേന്ദ്രന്‍്റെ ഫോണ്‍ സംഭാഷണം ജെ ആര്‍ പി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു.