കൊച്ചി: കോവിഡിന്‍റെ മറവില്‍ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ. നാടുകത്തുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുന്ന അഴിമതി ആരോപണങ്ങളും തെളിവുകളുമാണ് പുറത്തുവരുന്നത്. നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇതിനെതിരെ പ്രതികരിക്കാനോ പ്രക്ഷോഭം നടത്താനോ പൊതുജനങ്ങള്‍ക്ക് സാധിക്കില്ല. വ്യക്തികളുെട അവകാശങ്ങള്‍ അടിച്ചമര്‍ത്താനായി കോവിഡിനെ ഉപയോഗിക്കുന്നതായും കെമാല്‍പാഷ പറഞ്ഞു.
കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. പോലീസ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. വിവരം ശേഖരിക്കാനുള്ള അധികാരം പോലീസിന് കൊടുക്കാനാവില്ല. ആരോഗ്യ വകുപ്പാണ് ഈ രേഖകള്‍ ശേഖരിക്കേണ്ടത്. ജനങ്ങളെ ഉപദ്രവിക്കാനുള്ള ചട്ടുകമായി പോലീസിനെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീംകോടതിയില്‍ അടക്കം ചോദ്യം ചെയ്യാമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
രോഗം ഒരു കുറ്റമല്ല. ആര്‍ക്ക് വേണമെങ്കിലും രോഗം പകരാം. രോഗിയെയും അല്ലാത്തവരെയും വേര്‍തിരിച്ചു കാണാന്‍ ഭരണഘടന അധികാരം കൊടുക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 14 പറയുന്ന നിയമങ്ങളുടെ മുമ്പിലുള്ള തുല്യതയും നിയമങ്ങളുടെ തുല്യ പരിരക്ഷയും എല്ലാവര്‍ക്കും ഉള്ളതാണ്. രോഗി, വര്‍ഗം, വിഭാഗം, ജാതി, രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് വ്യത്യാസമില്ല. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കരുതെന്ന് പറയുന്നത് കൊണ്ടാണ് എയ്ഡ്സ് രോഗികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തരുതെന്ന കാഴ്ചപ്പാട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 15 (4), 16 (4) എന്നിവയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് വിവേചനം കാണിക്കാവുന്നത്. സമൂഹികവും സാമ്പത്തികവുമായി പിന്നാക്കമുള്ള വിഭാഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ജനങ്ങളെ വേര്‍തിരിച്ചു കാണാനുള്ള അധികാരം സര്‍ക്കാറിന് ഭരണഘടന കൊടുക്കുന്നില്ലെന്നും കെമാല്‍പാഷ പറഞ്ഞു.