തിരുവല്ല: തിരുവല്ല മുനിസിപ്പാലിറ്റിയിലെ അഴിമതി അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് വികസനത്തിനായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ തിരുവല്ല മുനിസിപ്പൽ കൗൺസിൽ ജനങ്ങളോട് ഉത്തരം പറയണമെന്നും തിരുവല്ല വിജിലൻസ് കൗൺസിൽ ആവശ്യപ്പെട്ടു. 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളാണ് തിരുവല്ല മുൻസിപ്പാലിറ്റിയെ കുറിച്ച് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. നഗരസഭയുടെ ആസ്തികൾ വിവരിക്കുന്ന ആസ്തി രജിസ്റ്റർ ഇല്ല, റോഡ് സംരക്ഷണ ഗ്രാൻഡ് ആയി ലഭിച്ച 4.28 കോടി രൂപ നഷ്ടപ്പെടുത്തി, വികസന ഫണ്ട് ചെലവഴിക്കാതെ കോടികൾ നഷ്ടപ്പെടുത്തി, ലേലം നടത്തിയ വിഹിതത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി, തൊഴിൽ നികുതിയും ലൈസൻസ് ഫീയും വാടക കുടിശ്ശികയും ലേല തുകയും വാങ്ങാതെ ലക്ഷക്കണക്കിന് രൂപ മുനിസിപ്പാലിറ്റിക്ക് നഷ്ടമുണ്ടാക്കി.
കരമാലിന്യ സംസ്കരണത്തിലെ പാളിച്ചയുടെ പേരിൽ 9 ലക്ഷം രൂപ പിഴ അടക്കേണ്ടി വന്നു, ശബരിമല തീർത്ഥാടകർക്ക് സൗകര്യമൊരുക്കുവാൻ നൽകിയ ഗ്രാൻഡ് ചെലവഴിച്ചില്ല, സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി നൽകി, കോവിഡ് കാലഘട്ടത്തിലെ ചെലവിൽ വലിയ വീഴ്ച വരുത്തി, ഷീ ലോഡ്ജും നീന്തൽ കുളവും നിർമ്മിക്കുന്നതിന് ലക്ഷങ്ങൾ ചെലവാക്കിയെങ്കിലും ജനങ്ങൾക്ക് അത് ഉപയോഗപ്പെട്ടില്ല, സ്വപ്ന പദ്ധതികൾ എന്ന് വിശേഷിപ്പിക്കുന്ന പ്രോജക്ടുകൾ നടപ്പാക്കുന്നില്ല തുടങ്ങിയ നിരവധി കണ്ടെത്തലുകൾ ആണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉള്ളത്. ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നും ഭാവിയിൽ അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാകണമെന്നും തിരുവല്ല വിജിലൻസ് കൗൺസിൽ വിളിച്ചുകൂട്ടിയ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് ടി.ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രകാശ് പി തോമസ് ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തി. സെക്രട്ടറി കെ. സി. വർഗീസ്, കെ. വി. സാമുവൽ, ആർ. ശിവശങ്കരപ്പിള്ള, ഷാജി തിരുവല്ല, ടി. വി. ചാക്കോ, രാജി കെ. കോശി, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ക്രിസ്തോമസ്, ബിജു എബ്രഹാം, ബാബു സി. കെ. എന്നിവർ പ്രസംഗിച്ചു. മുനിസിപ്പാലിറ്റിയിലെ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ കോഡിനേറ്റ് ചെയ്യുന്നതിനായി ഡോ. പ്രകാശ് പി തോമസിനെ യോഗം ചുമതലപ്പെടുത്തി.