കൊട്ടാരക്കര : ആര്‍. ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട വില്‍പത്ര വിവാദത്തില്‍ കെ.ബി. ഗണേശ് കുമാറിനെ പിന്തുണച്ച് ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയിലാണ് വില്‍പത്രം തയാറാക്കിയത്. പെണ്‍മക്കള്‍ക്കാണ് പിള്ള കൂടുതല്‍ സ്വത്ത് നല്‍കിയതെന്നും ശരണ്യ മനോജ് പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണ്. ഗണേശ് കുമാറുമായുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് വില്‍പത്ര വിഷയത്തില്‍ ഗണേശിനെ പിന്തുണക്കുന്നതെന്നും ശരണ്യ മനോജ് വ്യക്തമാക്കി.
ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധിച്ച തര്‍ക്കം ചൂണ്ടിക്കാട്ടി മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് ഉന്നയിച്ച പരാതിമൂലം കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എയായ കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം തടസപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ നേരില്‍ സന്ദര്‍ശിച്ചാണ് ഗണേശിനെതിരായ പരാതി ഉഷ ഉന്നയിച്ചത്.
കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് മേയ് മൂന്നിന് അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളത്. ഈ സ്വത്ത് വീതംവെക്കുന്നത് സംബന്ധിച്ച തയ്യാറാക്കിയ വില്‍പത്രത്തില്‍ ചില കളികള്‍ നടന്നുവെന്നാണ് ആരോപണം. ഇതിന് പിന്നില്‍ സഹോദരന്‍ ഗണേഷ് കുമാറാണെന്നാണ് ഉഷ പറയുന്നത്. നേരത്തെ കേരള കോണ്‍ഗ്രസ് ബിക്ക് ആദ്യ ടേമിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന് രണ്ടാമത്തെ ടേമിലും പിണറായി മന്ത്രിസഭയില്‍ അംഗമാകാനാണ് എല്‍.ഡി.എഫില്‍ ധാരണയായത്.
എന്നാല്‍ ഗണേശ് കുമാറിന്റെ സഹോദരിയുടെ ഇടപെടലോടെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. തുടര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എ ആന്റണി രാജുവിനോട് ആദ്യ ടേമില്‍ മന്ത്രിസഭാംഗമാകാന്‍ എല്‍.ഡി.എഫ് നിര്‍ദേശിക്കുകയായിരുന്നു.2001 മുതല്‍ പത്തനാപുരം സിറ്റിങ് എം.എല്‍.എയായ ഗണേശ് കുമാര്‍ 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ അംഗമായിരുന്നു. എന്നാല്‍ ആദ്യ ഭാര്യ ഡോ. യാമിനി തങ്കച്ചി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് 2013 ഏപ്രിലില്‍ രാജിവെക്കേണ്ടി വന്നു.