അഹമ്മദാബാദ് : പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന ബോട്ട് പിടിച്ചെടുത്തു. ഇന്ത്യന്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ബോട്ട് പിടിയിലായത്. ഗുജറാത്ത് എ.ടി.എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി ലായിരുന്നു റെയ്ഡ്. പാകിസ്ഥാനി ഉടമസ്ഥതയിലുള്ള അല്‍ ഹുസൈനി എന്ന ബോട്ടാണ് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്നത്. ബോട്ടിലുണ്ടായിരുന്ന ആറു പേരെ ഗുജറാത്ത് എ.ടി.എസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരില്‍ നിന്നും 77 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. വിപണിയില്‍ ഇതിന് 400 കോടി വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുന്ദ്ര തുറമുഖത്തെ 3,000 കിലോ ഹെറോയിന്‍ പിടിച്ച സംഭവത്തോടെയാണ് ഇന്ത്യയിലേക്കുള്ള മയക്കുമരുന്നു കടത്ത് വ്യാപകമാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നത്. ഈ കേസില്‍, കഴിഞ്ഞ ആഴ്ച ഒരു അഫ്ഗാനിസ്ഥാന്‍ സ്വദേശിയെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.