തിരുവനന്തപുരം : കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗ് പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. സംഭവത്തില്‍ കേസ് എടുക്കാന്‍ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് നിലപാട്. സംഭവത്തില്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പരാതി ഉന്നയിച്ച രക്ഷിതാക്കളുടെ തീരുമാനം.
5, 6 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് റാഗിംഗ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സ്‌കൂളില്‍ നേരിട്ട് എത്തി വിവരശേഖരണം നടത്തണമെന്നും നിര്‍ദേശമുണ്ട്. സ്‌കൂളിലെത്തി വിവരശേഖരണം നടത്തിയ ശേഷം ഉടനടി റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. ഇതിനോടൊപ്പം സ്‌കൂളിലെ സാഹചര്യം ചര്‍ച്ചചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രത്യേക യോഗം ചേരും.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പിടിഎ പ്രസിഡന്റ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോപണ വിധേയര്‍ക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ നിയമപരമായി കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ പക്ഷം. മഫ്തിയില്‍ വനിതാ പോലീസിന്റെ സാന്നിധ്യം സ്‌കൂളില്‍ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പരാതി ഉന്നയിച്ച കുട്ടികളുടേയും രക്ഷിതാക്കളുടേയും തീരുമാനം. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ ഇന്ന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.