ഹരിയാന : ഹരിയാനയിലെ സിർസയിൽ വ്യാജ ഇന്ധനം നിർമ്മിക്കുന്ന യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 75,500 ലിറ്റർ വ്യാജ ഡീസലും, 6 ലക്ഷത്തിലധികം രൂപയും പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ്. ടാങ്കർ ഡ്രമ്മുകൾ, ഡീസൽ നോസൽ മെഷീനുള്ള യന്ത്രം, ഡീസൽ മാറ്റുന്നതിനുള്ള രണ്ട് മോട്ടോറുകൾ എന്നിവ റെയ്‌ഡിൽ കണ്ടെടുത്തു. ആദംപൂർ സ്വദേശിയായ സെയിൽസ്മാൻ ദീപക്, രാജസ്ഥാൻ സ്വദേശി രമേഷ് എന്നിവെരാണ് അറസ്റ്റിലായ പ്രതികൾ.
ഇവരിൽ നിന്ന് 6,11,360 രൂപയും പിടിച്ചെടുത്തു. ഗോഡൗണിൽ ബേസ് ഓയിൽ, പാരഫിൻ, മിനറൽ ടർപേന്റൈൻ ഓയിൽ എന്നിവ കലർത്തിയാണ് പ്രതികൾ വ്യാജ ഡീസൽ തയാറാക്കിയിരുന്നതെന്ന് ഹരിയാന പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ രണ്ടുപേർക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.