ചെന്നൈ : കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയം മൂലം നവദമ്പതികള്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ മധുരവയലിലാണ് സംഭവം. തൂത്തുക്കുടി സ്വദേശിയായ 22 കാരനും 20 വയസ്സുള്ള ഭാര്യയുമാണ് മരിച്ചത്. ഇരുവരും താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. ചെന്നൈ മധുരവോയലിന് അടുത്തുള്ള ആലപ്പാക്കത്ത് ലോഹക്കട നടത്തിവരികയായിരുന്നു യുവാവ്. ഇരുവരേയും ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ യുവാവിന്റെ കടയിലെത്തി. എന്നാല്‍ കടയും അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.
വീട്ടില്‍ മുന്‍വശത്തെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളാണ് മധുരവയല്‍ പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. ദമ്പതികളുടെ മൃതദേഹം കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.
ലിംഗ ഒടിവ് മൂലം തങ്ങള്‍ക്ക് കുഞ്ഞ് ഉണ്ടാകില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് ഇരുവരുടേയും ഒപ്പുള്ള കത്തില്‍ പറയുന്നത്. തങ്ങളുടെ മരണത്തിന് മറ്റാര്‍ക്കും പങ്കില്ലെന്നും കത്തില്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് ദമ്പതികള്‍ ഒരു ഡോക്ടറെ പോലും കണ്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഡോക്ടറെ സമീപിക്കാതെ ഇരുവരും കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ആശങ്കപ്പെട്ട് ജീവനൊടുക്കുകയായിരുന്നു.