ചെങ്ങന്നൂർ : 108 ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. തിരുവൻവണ്ടൂർ സ്വദേശികളായ ധന്യ കൃഷ്ണൻ (24), ഭർത്താവ് രാകേഷ് കൃഷ്ണ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7ന് കല്ലിശേരിക്ക് സമീപമായിരുന്നു അപകടം. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് രോഗിയെ ഇറക്കിയശേഷം തിരികെ ചെങ്ങന്നൂരിലേയ്ക്ക് വരുമ്പോൾ മഴക്കീർ പമ്പിന് സമീപം അമിത വേഗത്തിലെത്തിയ ആംബുലൻസ് മുൻപേ പോയ എന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരിയായിരുന്ന ധന്യ കൃഷ്ണനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതിനായി പോകുകയായിരുന്നു. ഡ്രൈവറും മെയിൽ നഴ്സും ഇവർക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകുന്നതിനും ആശുപത്രിയിൽ എത്തിക്കുന്നതിന് വിമുഖത കാട്ടിയതായും പരാതിയുണ്ട്. ആംബുലൻസ് ഡ്രൈവറായ പുലിയൂർ സ്വദേശി നന്ദു കൃഷ്ണൻ, കൂടെയുണ്ടായിരുന്ന മെയിൽ നഴ്സ് ആദിക്കാട്ടുകുളങ്ങര സ്വദേശി കെ.എം ഹനീഷ് എന്നിവർക്കെതിരെ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.