തൊടുപുഴ : ഷെഫീഖ് വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവർ പ്രതികളാണെന്ന് കോടതി കണ്ടെത്തി. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. 11 വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 2013 ൽ നാലു വയസ്സുള്ളപ്പോഴായിരുന്നു കേസിന് ആസ്‌പദമായ സംഭവം അരങ്ങേറിയത്. തൊടുപുഴ ഒന്നാം അഡീഷണൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരമായ മർദ്ദനത്തിന് ഇരയായ കുട്ടിക്ക് നടക്കാൻ കഴിയില്ല. ബുദ്ധി വികാസത്തിനും പ്രശ്‌നമുണ്ട്. തലയ്ക്ക് പരിക്കേറ്റതിനാൽ താൻ ആരാണെന്ന് പോലും തിരിച്ചറിയാതെയാണ് ജീവിതം.
ഓഗസ്റ്റിൽ ജഡ്‌ജി ആഷ് കെ.ബാൽ ഷെഫീഖിനെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. കുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് അനീഷ സമ്മതിച്ചു. കേസിൽ മെഡിക്കൽ തെളിവാണ് നിർണ്ണായകമായത്. കുട്ടിക്ക് അപസ്‌മാരം ഉണ്ടെന്നും കട്ടിലിൽ നിന്നും തനിയെ വീണാണ് പരിക്കു പറ്റിയതെന്നും ദേഹത്തെ പൊള്ളലേറ്റ പാടുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതികൾ വാദിച്ചത്. ഷെഫീഖിനെ ചികിത്സിച്ച ഡോക്ടർമാർ കുട്ടിയുടെ കൈകൾ എത്താത്ത സ്ഥലങ്ങളിൽ പോലും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഷെഫീഖിന് നീതി കിട്ടിയതായി രാഗിണിയും പ്രതികരിച്ചു.