കൊച്ചി : കന്യാസ്ത്രീകളും, വൈദീകരും ശമ്പളത്തില്‍ നിന്ന് ടിഡിഎസ് നല്‍കണം കോടതി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) പിടിക്കാമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതോടെ ‘വിശുദ്ധ നികുതി’ ഇളവിന് വിരാമമാകുകയാണ്. 2014 ലാണ് സര്‍ക്കാര്‍, എയ്ഡഡ് അദ്ധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിന് ടിഡിഎസ് ബാധകമാക്കാന്‍ ഇന്‍കം ടാക്‌സ് വകുപ്പ് ട്രഷറി വിഭാഗത്തിനു നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ എതിര്‍ത്താണ് വൈദികര്‍ നിയമപോരാട്ടത്തിന് എത്തിയത്.
ശമ്പള വരുമാനമുണ്ടെങ്കില്‍ ടിഡിഎസ് ബാധകമാകുമെന്നും ജീവിതാന്തസ്സിന്റെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും കോടതി വിശദീകരിക്കുന്നു. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും നല്‍കണമെന്ന ബൈബിള്‍ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ടാണു കോടതിയുടെ വിധി. മുക്കാല്‍ നൂറ്റാണ്ട് കന്യാസ്ത്രീകളും അച്ഛന്മാരും നികുതി അടയ്ക്കാതെ കഴിയുകയായിരുന്നു. 2014ല്‍ നികുതി പിടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് നിയമ പോരാട്ടം. അനുകൂലിച്ചും പ്രതികൂലിച്ചും കോടതി വിധി വന്നു. ഒടുവില്‍ ആ വിശുദ്ധ നികുതി വെട്ടിപ്പിന് വിരാമം ഇടുകയാണ് ഹൈക്കോടതി.
ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. നിയമപ്രകാരം നികുതി ഈടാക്കുന്നതു മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാകില്ലെന്നും വിശദീകരിച്ചു. സിംഗിള്‍ ജഡ്ജിയുടെ സമാന ഉത്തരവിനെതിരെ സിസ്റ്റര്‍ മേരി ലൂസിറ്റ നല്‍കിയതുള്‍പ്പെടെ 49 അപ്പീലുകള്‍ തള്ളിയാണ് ജസ്റ്റിസ് എസ്.വി ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തര്‍ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണു പോകുന്നതെന്നും അപ്പീല്‍ ഭാഗം വാദിച്ചു. എന്നാല്‍, ശമ്പളവും പെന്‍ഷനും ഗ്രാറ്റ്‌വിറ്റിയും പറ്റുന്ന വൈദികരും കന്യാസ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരാണെന്ന് നികുതി വകുപ്പ് വാദിച്ചു. മറ്റേതെങ്കിലും നികുതിയിളവിന് അര്‍ഹതയുണ്ടെങ്കില്‍ ടിഡിഎസ് ഒഴിവാക്കുകയല്ല, റീഫണ്ട് ആണു ചെയ്യേണ്ടതെന്നും അറിയിച്ചു. ഇതാണ് കോടതി അംഗീകരിച്ചത്. ഫലത്തില്‍ ഇനി നികുതി നല്‍കേണ്ടി വരും.
ദാരിദ്ര്യ വ്രതം സ്വീകരിക്കുന്ന സന്യസ്തരുടെ ശമ്പള വരുമാനം സന്യസ്ത സഭയിലേക്കു പോകുന്നതിനാല്‍ ടിഡിഎസ് ബാധകമാകില്ലെന്നുള്ള വാദം കോടതി തള്ളി. സന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനെയും കന്യാസ്ത്രീയെയും സംബന്ധിച്ചു ‘സിവില്‍ ഡെത്ത്’ ആണു സംഭവിക്കുന്നതെന്ന വാദവും അംഗീകരിച്ചില്ല. ഈ വിശുദ്ധ നിലപാടുകളെല്ലാം തള്ളിയാണ് കോടതി വിധി.
കാനോനിക നിയമപ്രകാരമുള്ള ‘സിവില്‍ ഡെത്ത്’ എന്ന ആശയം സന്യസ്തരുടെ എല്ലാ ജീവിത സാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമങ്ങള്‍ക്കു വ്യക്തിഗത നിയമങ്ങളെക്കാള്‍ പ്രാമുഖ്യമുണ്ട്. സഞ്ചാരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, തൊഴിലവകാശം ഉള്‍പ്പെടെ നിയമപരമായും ഭരണഘടനാപരമായും ഉള്ള എല്ലാ അവകാശങ്ങളും സന്യസ്തരും അനുഭവിക്കുന്നുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
1944 ലെയും 1977 ലെയും സര്‍ക്കുലറുകള്‍ അപ്പീലിനെ പിന്തുണയ്ക്കുന്നില്ല. ആദായ നികുതി നിയമം വരുംമുന്‍പാണ് ആദ്യ സര്‍ക്കുലര്‍. 1977 ലെ സര്‍ക്കുലര്‍ മിഷനറിമാരുടെ ഫീസിനു ബാധകമായതാണ്, സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു ശമ്പളം പറ്റുന്നവര്‍ക്കു ബാധകമല്ലെന്നു കോടതി പറഞ്ഞു.
1944 മുതല്‍ 2014 വരെ വരെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നല്‍കുന്ന ശമ്പളത്തിനു സര്‍ക്കാര്‍ ടിഡിഎസ് ബാധകമാക്കിയിരുന്നില്ല. 2014 മുതല്‍ ഇതുവരെ കോടതികളും തുണച്ചു. എന്നാല്‍, 77 വര്‍ഷമായി ടിഡിഎസ് ഈടാക്കിയില്ലെന്നതു പ്രത്യേക അവകാശമൊന്നും നല്‍കുന്നില്ലെന്നു കോടതി പറഞ്ഞു.