തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വി എസ്സിന്റെ പരാമര്‍ശത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി.വി എസ് ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.2013 ഓഗസ്റ്റില്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള വി എസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്ബനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.ഉമ്മന്‍ ചാണ്ടി 2014ലാണ് ഹര്‍ജി നല്‍കിയത്. തന്നെ സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.
കേസിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. വാദത്തിനിടെ വിഎസിന്റെ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ച് കൊണ്ടാണ് കോടതി വിധി.ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി ചെലവുകള്‍ കണക്കാക്കിയാണ് പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. വിധിക്കെതിരെ ജില്ലാ കോടതിയെ സമീപിക്കുമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു.കേസില്‍ സര്‍ക്കാരും വിഎസിനെ കോടതിയില്‍ തള്ളി പറഞ്ഞിരുന്നു. സോളാര്‍ കമ്ബനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്‍കിയിരുന്നു.സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച ശിവരാജന്‍ കമ്മീഷന് ഇക്കാര്യം കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമ്മീഷന് മുന്നില്‍ ഹാജരായ പല സാക്ഷികളും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ ആര്‍ക്കും തന്നെ ആരോപണങ്ങളുടെ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.