കൊച്ചി : വിഴിഞ്ഞം അടിമലത്തുറയിൽ കൊടുംക്രൂരതയ്ക്ക് ഇരയായി കൊല ചെയ്യപ്പെട്ട ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണു ബ്രൂണോ. ജൂൺ 28ന് അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ വളർത്തു നായയെ മൂന്നു പേർ ചേർന്നു ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ചുകൊന്ന് കടലിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിന് ഹൈക്കോടതി ‘ബ്രൂണോ’ എന്ന തലക്കെട്ടും നൽകി. ഒരു നായയ്ക്കു രാജ്യത്തു കിട്ടാവുന്ന അപൂർവ ആദരം.
മനുഷ്യന്റെ ക്രൂരതയ്ക്കു മുന്നിൽ ജീവൻ പൊലിഞ്ഞ നായയോടുള്ള ശ്രദ്ധാഞ്ജലിയായി കേസ് ‘In Re: Bruno’ എന്നു രേഖപ്പെടുത്തണമെന്നു കോടതി ഹൈക്കോടതി രജിസ്ട്രിക്കു നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിലും മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കോടതി പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പ് ഈ തലക്കെട്ടിൽ തുടങ്ങുന്നു. നടപടികളിലേക്കു കടക്കുമ്പോൾ കടുത്ത നിലപാടിന്റെ സൂചനയാണു കേന്ദ്ര, സംസ്ഥാന സർക്കാരുകളും നൽകുന്നത്.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം ഭേദഗതി ചെയ്ത് പിഴയും തടവു ശിക്ഷയും കൂട്ടുമെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജയശങ്കർ വി. നായർ അറിയിച്ചു. മൃഗങ്ങൾക്കെതിരെ ക്രൂരത ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ശിക്ഷ നിസ്സാരമാകുന്നതു ഇത്തരം സംഭവങ്ങൾ ഏറാൻ കാരണമാകുന്നതായി അഡ്വക്കേറ്റ് മാത്യു ജെ. നെടുമ്പാറ വാദിച്ചപ്പോഴായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
തെറ്റ് ആവർത്തിക്കുന്നതു തടയുക എന്നതിനേക്കാൾ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുക എന്നതാകണം ലക്ഷ്യമെന്നു കോടതി പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനു നിയന്ത്രണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങളോടുള്ള ക്രൂരത ആവർത്തിക്കാതിരിക്കാൻ ജനങ്ങളുടെ മനോഭാവം മാറ്റാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണം ഉൾപ്പെടെ നടപടികൾക്കു കോടതി നിർദേശം നൽകി.