മംഗളൂരു: യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന കായികാധ്യാപകന്‍ മോഹന്‍ കുമാറിന് ജീവപര്യന്തം തടവ്. കാസര്‍കോട് ബദിയഡുക്ക സ്വദേശി ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 25,000 രൂപ പിഴയും സയനൈഡ് മോഹന്‍ ഒടുക്കണം. മറ്റ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഈ കേസില്‍ ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി സയീദുനിസ പറഞ്ഞു. സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കും. പിന്നീട് ലൈംഗികമായി ഉപയോഗിച്ച ശേഷം മാരക വിഷമായ സയനൈഡ് നല്‍കി കൊല്ലും. ഇതാണ് ഇയാളുടെ രീതി. ഇതുവരെ 20 സ്ത്രീകളാണ് മോഹനന്റെ ഇരയായിട്ടുള്ളത്. 19-ാമത്തെ കേസിലാണ് ഇപ്പോള്‍ വിധി വന്നത്.
സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരി ആയിരുന്ന കാസര്‍കോട് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണു വിധി പറയാന്‍ ബാക്കിയുള്ളത്. ഇയാള്‍ക്ക് 5 കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. ഒരു കേസില്‍ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.