പത്തനംതിട്ട : മദ്യലഹരിയില്‍ റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അങ്ങാടി കരിംകുറ്റി പുറത്തെപറമ്പില്‍ കാലായില്‍ വീട്ടില്‍ ഇടത്തന്‍ എന്ന് വിളിക്കുന്ന പ്രദീപ് (42), കടമാകുളത്ത് വീട്ടില്‍ കെ.കെ. രവീന്ദ്രന്‍(41) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. അങ്ങാടി എസ്.ബി.ഐക്ക് മുന്നില്‍ പച്ചക്കറി നടത്തുന്ന മക്കപ്പുഴ പൊടിപ്പാറ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ അനില്‍കുമാറാണ് (52) കൊല്ലപെട്ടത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് ആക്രമണം നടന്നത്. രാത്രി 9.30 ന് കടയില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം നടത്തിയ തെരച്ചിലില്‍ രണ്ടാം പ്രതി രവീന്ദ്രനെ പേട്ടയില്‍ വെച്ച് പിടികൂടി.
പ്രദീപിനെ പിന്നീട് പേട്ട ജംഗ്ഷനിലെ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ആപ്പെ ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റില്‍ പതുങ്ങിയിരിക്കുമ്പോഴുമാണ് പിടികൂടിയത്. വടിവാളും അവിടെനിന്നും കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്നും ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ദ്ധരും ജില്ലാ പോലീസ് ഫോട്ടോഗ്രാഫറും തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കായി മാറ്റി. ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. ആദര്‍ശ്, എ.എസ്.ഐമാരായ അജു കെ. അലി, കൃഷ്ണന്‍കുട്ടി, പോലീസ് ഉദ്യോഗസ്ഥരായ ടി.എ.അജാസ്, സനില്‍ എന്നിവരാണുള്ളത്.