കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെടൽ. സർക്കാർ ഉത്തരവുകൾ സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ സമയബന്ധിതമായി നയരൂപീകരണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കോവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് ഈടാക്കലിനെതിരെ വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്. വിവിധ പേരുകളിലാണ് തുക ഈടാക്കൽ. ഓരോ രോഗിയിൽനിന്നും പ്രതിദിനം രണ്ടു പിപിഇ കിറ്റുകളുടെ തുകയാണ് ആശുപത്രി ഈടാക്കുന്നത്. അമ്പത് രോഗികൾ ചികിത്സയിലുള്ള വാർഡിൽ ഒരേ പിപിഇ കിറ്റു ധരിച്ചാണ് ആരോഗ്യ പ്രവർത്തകർ ചികിത്സിക്കുന്നത്. എന്നാൽ 50 രോഗികളിൽനിന്നും രണ്ടു കിറ്റിനുള്ള തുക ഈടാക്കുന്നതായാണ് കാണുന്നത്. ഓരോ രോഗിയിൽനിന്നും എന്തിനാണ് പണം ഈടാക്കുന്നത്? ഇതിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് കോടതി ചോദിച്ചു.
സ്വകാര്യ ആശുപത്രികൾ നടത്തുന്ന എഫ്എൽടിസികൾ 10,000 രൂപ മുതൽ 20,000 രൂപ വരെ ചികിത്സയ്ക്ക് ഈടാക്കുന്നുണ്ട്. ഈ ആശുപത്രികളുടെ പേര് ഇപ്പോൾ പരാമർശിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി ഗൗരവമായ സാഹചര്യമാണെന്നും സർക്കാർ ഇത് പരിശോധിക്കണമെന്ന് നിർദേശിച്ചു. അടിയന്തിര സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സാധാരണക്കാർക്ക് വഹിക്കാവുന്ന ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലാതെ വരുമ്പോൾ ചിലപ്പോൾ ലഭ്യമാകുന്ന ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അതുകൊണ്ടു തന്നെ സർക്കാർ നയ രൂപീകരണം നടത്തണം. കോവിഡ് ചികിത്സയുടെ പേരിൽ കൊള്ളലാഭമുണ്ടാക്കാൻ ശ്രമിക്കെരുതെന്നും വ്യക്തമാക്കിയ കോടതി ഈ വിഷയം മാത്രം വെള്ളിയാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു.