ഡൽഹി: ഉന്നത വിദ്യാഭ്യാസവും ജോലി പരിചയവുമുള്ള ഭാര്യ ഭർത്താവിൽ നിന്നുള്ള ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് കോടതി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധരി സിംഗിന്റേതാണ് നിരീക്ഷണം. വിവാഹ മോചനക്കേസ് സംബന്ധമായി ഭർത്താവ് നൽകാനുള്ള ഇടക്കാല നഷ്ടപരിഹാരം നൽകാതിരിന്നതിനാൽ കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിർണായക നിരീക്ഷണം. യുവതിയുടെ പരാതി കോടതി തള്ളുകയും ചെയ്തു. 2019ൽ വിവാഹിതരായ ദമ്പതികൾ വിവാഹ ശേഷം സിംഗപ്പൂരിലായിരുന്നു താമസിച്ചത്. പിന്നീട് 2021ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പരാതിക്കാരി ഭർത്താവിന്റെ ക്രൂരതയും ഭർതൃ വീട്ടുകാരുടെ ക്രൂരതയും ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.
ഒരുമിച്ച് താമസിച്ച സമയത്ത് ഭാര്യയെന്ന നിലയിലെ തന്റെ വിസ ഭർത്താവ് റദ്ദാക്കിയത് വിദേശ രാജ്യത്ത് താൻ ഒറ്റപ്പെട്ട് പോവാൻ കാരണമായെന്നും യുവതി കോടതിയിൽ ആരോപിച്ചിരുന്നത്. യുവതിയുടെ സ്വത്തും സമ്പാദ്യവും ഭർത്താവ് കൈക്കലാക്കിയതിനാൽ കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ വിറ്റാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുവീട്ടിലാണ് താമസമെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്.