കൊല്ലം: കോവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്നയാൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പുനലൂരിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിദേശത്തു നിന്നും എത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. അപകടം ഉണ്ടായപ്പോഴും ഇയാൾ ഇക്കാര്യം മറച്ചുവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർക്ക് തോന്നിയ സംശയത്തെ തുടർന്ന് ചോദിച്ചപ്പോഴാണ് ഇയാൾ കൊറോണ നിരീക്ഷണത്തിലുണ്ടയിരുന്നയാളാണ് എന്ന് അറിയുന്നത്.
ഉടൻ തന്നെ ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുമായി അടുത്ത് ഇടപഴകിയ പോലീസുകാർ, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങി 40 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങൾ ഉള്ള ഇയാളുടെ പരിശോധന ഫലം വരുന്നത് വരെ ഇവർ നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇദ്ദേഹം പുനലൂർ സ്വദേശിയാണ് എന്ന് സൂചനയുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം ലംഘിച്ചാണ് ഇയാൾ പുറത്തു ഇറങ്ങുകയും യാത്ര ചെയ്യുകയും ചെയ്തത്.