പത്തനംതിട്ട : അതിഥി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി 6 താലൂക്കിലും ഓരോ ക്യാമ്പുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്യാമ്പുകള്‍ സ്ഥാപിക്കുക. അവര്‍ക്കായുള്ള ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ അതത് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവര്‍ ഒരുക്കും. അതിഥി തൊഴിലാളികളില്‍ സ്വന്തമായി വീടില്ലാത്തവര്‍, കൊറോണ ഭയത്തേതുടര്‍ന്ന് താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടവര്‍, നാട്ടില്‍ പോകുവാന്‍ മാര്‍ഗമില്ലത്തവര്‍, വീട്ടില്‍ തിങ്ങിപ്പാര്‍ക്കുന്നവര്‍, കോവിഡ് 19 ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് ക്യാമ്പ് ഒരുക്കുന്നത്.
അടൂര്‍ താലൂക്കില്‍ പന്തളം മാംഗാരം ഗവ. യു.പി സ്‌കൂള്‍, കോന്നിയില്‍ ഗവ.ഹൈസ്‌കൂള്‍, കോഴഞ്ചേരി താലൂക്കില്‍ പത്തനംതിട്ട തൈക്കാവ് ഗവ.എച്ച്.എസ്.എസ്, മല്ലപ്പള്ളിയില്‍ കീഴ്വായ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, റാന്നിയില്‍ എം.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിരുവല്ലയില്‍ ഡയറ്റ് യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് ഒരുക്കുക.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ക്യാമ്പുകളുടെ ചുമതല വഹിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ഓരോ താലൂക്കിലും ക്യാമ്പുകള്‍
RECENT NEWS
Advertisment