തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ധ സമിതി മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി. ആരോഗ്യ പ്രവര്‍ത്തകരിലും പൊതുജന സമ്പർക്കമുള്ളവരിലും പരിശോധനകള്‍ വര്‍ധിപ്പിച്ചാലേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരികയുള്ളുവെന്നും സമിതി നിര്‍ദേശിച്ചു. 14 ആരോഗ്യ പ്രവര്‍ത്തകരടക്കം 57 പേര്‍ക്ക് 19 ദിവസത്തിനുള്ളില്‍ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതര്‍ സംസ്ഥാനത്തുണ്ടെന്നും സമൂഹ വ്യാപനസാധ്യതയാണ് ഇതു കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസത്തിനുളളില്‍ മൂവായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ നിഗമനം. സംസ്ഥാനത്ത് ഇന്നലെ മാത്രം 67 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന തോതാണിത്. ഇതിൽ 27 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 9 പേർക്കും പുറമെ ഗുജറാത്തിൽ നിന്നു വന്ന അഞ്ച് പേർക്കും കർണാടകയിൽ നിന്നുള്ള ഒരാൾക്കും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെത്തിയ ഓരോരുത്തർക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.