ന്യൂഡല്‍ഹി : കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ കടുത്ത കോവിഡ് അണുബാധയ്ക്ക് പോലും സാധിക്കില്ലെന്ന് പഠനം. യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റി ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസിന്‍റെ വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട രണ്ട് വ്യത്യസ്ത ഗവേഷണ റിപ്പോര്‍ട്ടുകളാണ് ആശ്വാസം പകരുന്ന ഈ കണ്ടെത്തല്‍ പങ്കുവെയ്ക്കുന്നത്.
സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ആദ്യ പഠനം ശരാശരി 22 വയസ്സ് പ്രായമുള്ള 661 യുവാക്കളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇവരുടെ ശ്വാസകോശ പ്രവര്‍ത്തനക്ഷമത, നീര്‍ക്കെട്ട്, ഈസ്നോഫിലുകള്‍ എന്ന ശ്വേത രക്ത കോശങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയാണ് ശേഖരിച്ചത്. ഇവരില്‍ 178 പേര്‍ക്ക് കോവിഡ് ബാധയുണ്ടായതായി ശരീരത്തിലെ ആന്‍റിബോഡി സാന്നിധ്യം വ്യക്തമാക്കുന്നു. ആഴത്തിലുള്ള ഒരു ശ്വാസമെടുത്ത ശേഷം പുറത്തേക്ക് വിടാന്‍ സാധിക്കുന്ന വായുവിന്‍റെ അളവായ ഫോര്‍സ്ഡ് വൈറ്റല്‍ കപ്പാസിറ്റി(എഫ് വി സി) ഗവേഷകര്‍ അളന്നു. കോവിഡിന് മുന്‍പും ശേഷവുമുള്ള ഇവരുടെ ശ്വാസകോശ പ്രവര്‍ത്തനത്തിലെ മാറ്റങ്ങളും രേഖപ്പെടുത്തി. ഈ വിവരങ്ങള്‍ കോവിഡ് ബാധിക്കാത്ത വോളന്‍റിയര്‍മാരുടെ ഡേറ്റയുമായി താരതമ്യം ചെയ്തതില്‍ നിന്നാണ് കാര്യമായ വ്യത്യാസം ഇരുഗ്രൂപ്പുകളുടെയും ശ്വാസകോശ പ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്.
ആസ്മയുള്ള 123 പേരെ കൂടി ഗവേഷണ സംഘം പഠനത്തില്‍ ഉള്‍പ്പെടുത്തി നോക്കി. ഇവരില്‍ കോവിഡ് ബാധിച്ച 24 ശതമാനത്തിന് നേരിയ തോതിലുള്ള കുറവ് ശ്വാസകോശ പ്രവര്‍ത്തനത്തില്‍ കണ്ടെങ്കിലും ഇത് അത്ര കാര്യമായ വ്യത്യാസമല്ല. നീര്‍ക്കെട്ടിന്‍റെ സൂചകമായ ഈസ്നോഫിലികളുടെ കണക്കെടുത്താലും അലര്‍ജി പ്രതികരണത്തിന്‍റെ കാര്യമെടുത്താലും കോവിഡ് വന്നവരും അല്ലാത്തവരുമായ യുവാക്കള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല.
ജര്‍മനിയിലെ യൂണിവേഴ്സിറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന രണ്ടാമത്തെ പഠനം അഞ്ചിനും 18നും ഇടയില്‍ പ്രായമായ 73 കുട്ടികളില്‍ കോവിഡ് അണുബാധയുടെ ദീര്‍ഘകാല പ്രഭാവമാണ് അളന്നത്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയ്ക്കും ആറു മാസത്തിനും ഇടയിലുള്ള കാലഘട്ടത്തിലാണ് ഗവേഷകര്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോധന നടത്തിയത്. ഇതിന്‍റെ ഫലത്തെ കോവിഡ് ബാധിക്കാത്ത 45 കുട്ടികളില്‍ നടത്തിയ പരിശോധനയുടെ ഫലവുമായി താരതമ്യപ്പെടുത്തി. തീവ്രമായ തോതില്‍ കോവിഡ് ബാധിക്കപ്പെട്ടവരായിരുന്നു പഠനത്തില്‍ പങ്കെടുത്ത കുട്ടികള്‍. ശ്വാസം മുട്ടല്‍, 38.5 ഡിഗ്രിക്ക് മുകളില്‍ പനി, ബ്രോങ്കൈറ്റിസ്, ന്യുമോണിയ അല്ലെങ്കില്‍ ആശുപത്രിയില്‍ ഒന്നിലധികം ദിവസം കോവിഡ് മൂലം പ്രവേശനം എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് രോഗതീവ്രത കണക്കാക്കിയത്. എന്നാല്‍ ഇത്രയൊക്കെയായിട്ടും കോവിഡ് ബാധിക്കാത്ത കുട്ടികളുടെ ശ്വാസകോശ പ്രവര്‍ത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വ്യത്യാസം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഗവേഷകര്‍ പറഞ്ഞു.