ന്യൂഡല്‍ഹി: കൊവിഡിനെതിരെ രംഗത്തിറങ്ങാന്‍ മിലിട്ടറി ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നു. രാജ്യത്തെ 8500ലധികം മിലിട്ടറി ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും കൊവിഡ് 19നെതിരായ പോരാട്ടത്തിനിറക്കുകയാണ്. ഇക്കാര്യം സൈന്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് സൈന്യത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്.
അടിയന്തര ആവശ്യങ്ങള്‍ക്കായി രാജ്യത്ത് 9000 ആശുപത്രിക്കിടക്കകളും തയ്യാറാക്കിയതായി ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് അറിയിച്ചു. ആര്‍മി ചീഫ് മനോജ് മുകുന്ദ് നാരാവനേ, വ്യോമസേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭരദ്വാരിയ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു. കൊവിഡ് 19 രോഗബാധ ചികിത്സയാക്കായി രാജ്യത്ത് 28 ആശുപത്രികളാണ് സൈന്യം തയ്യാറാക്കുന്നത്. ഇതിനു പുറമെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് സൈനിക ആശുപത്രികളും ഈ പട്ടികയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കും. കൊവിഡ് 19 പരിശോധനകള്‍ ഉള്‍പ്പെടെ നടത്താനും സൈന്യം പ്രാപ്തമാണെന്ന് അറിയിച്ചിട്ടുണ്ട്.
കൊവിഡ് രോഗത്തെ നേരിടുന്നതിനായി സൈന്യം കൂടുതലായി ആശുപത്രികളും ലാബുകളും തയ്യാറാക്കുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതിനു പുറമെ വിരമിച്ച ആരോഗ്യവിദഗ്ധരും സേവനത്തിനായി സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളും മറ്റും വിവിധ കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്നും ആംഡ് ഫോഴ്സസ് മിലിട്ടറി ഹോസ്പിറ്റല്‍സ് തലവന്‍ ലഫ്റ്റനന്റ് ജനറല്‍ അനൂപ് ബാനര്‍ജി വ്യക്തമാക്കി. കൊവിഡ് 19 ഹോട്ട് സ്‌പോട്ടുകളായി സര്‍ക്കാര്‍ കണ്ടെത്തുന്ന കേന്ദ്രങ്ങളിലായിരിക്കും സൈന്യത്തിന്റെ സേവനം ലഭിക്കുക.
കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആയിരത്തിലധികം പേര്‍ ജയ്സാല്‍മീര്‍, ജോധ്പൂര്‍, ചെന്നൈ, മനേസര്‍, ഹിന്ദോണ്‍, മുംബയ് തുടങ്ങിയ സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ഇവരുടെ ക്വാറന്റൈന്‍ കാലാവധി ഏപ്രില്‍ ഏഴോടു കൂടി കഴിയുമെന്നും ബിപിന്‍ റാവത്ത് യോഗത്തില്‍ അറിയിച്ചു. മുന്‍പ് ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തിച്ച മലയാളികള്‍ അടങ്ങുന്ന സംഘത്തെയും മനേസറിലെ സൈനിക കേന്ദ്രത്തിലായിരുന്നു താമസിപ്പിച്ചത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും കൊറോണ ബാധയുണ്ടായിരുന്നില്ലെന്നത് ആശ്വാസ വാര്‍ത്തയായിരുന്നു.
സജീവമായി വ്യോമസേനയും
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 25 ടണ്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചതായി വ്യോമസേനാ തലവന്‍ വ്യക്തമാക്കി. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ വസ്ത്രങ്ങള്‍, സാനിറ്റൈസറുകള്‍, സര്‍ജിക്കല്‍ ഗ്ലൗസ്, തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവയും ആരോഗ്യ പ്രവര്‍ത്തകരെയുമാണ് വ്യോമസേന രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചത്. പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രാജ്യത്തെ 25,000 എന്‍.എസ്.എസ് പ്രവര്‍ത്തകരെയും സജ്ജമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.