മസ്‌കറ്റ് : കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവർണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഒമാൻ കൃഷി – മത്സ്യബന്ധന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ തീരുമാനം മാർച്ച് 28 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
മത്സ്യബന്ധന തൊഴിലാളികളെയും, വിൽക്കുന്നവരെയും വാങ്ങുന്നവരെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ബദൽ വിപണന സംവിധാനം തയ്യാറാക്കുവാൻ മന്ത്രാലയം അതാതു ഗവർണറേറ്ററുകളിലെ ഡയറക്റ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മത്സ്യങ്ങൾ വാണിജ്യ കേന്ദ്രങ്ങളിൽനിന്നും മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നിന്നും വാങ്ങുവാൻ സാധിക്കും.