പത്തനംതിട്ട : 2020 മാര്‍ച്ച് എട്ട് ഞായര്‍…ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരണം.. അന്നുമുതല്‍ ജനജീവിതം സുരക്ഷിതമാക്കുന്നതിനായി കാര്യക്ഷമമായ ഏകോപനവുമായി ജില്ലാ കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ജില്ലയിലെ റവന്യൂ വിഭാഗവും സജീവമാണ്. 2018-ലെ മഹാപ്രളയത്തിലും പതറാതെ അവര്‍ ഒന്നിച്ചു. എവിടെയും വീഴ്ച പറ്റാത്ത ഏകോപനമായിരുന്നു. ആ അനുഭവങ്ങള്‍ കരുത്താക്കി കോവിഡില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് വില്ലേജ്, താലൂക്ക് തലങ്ങള്‍ മുതല്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ നിരവധിയാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെയും ആരോഗ്യക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണം, താമസസൗകര്യം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ മുഖേനയും നടന്നുവരുന്നു. തെരുവില്‍ അലഞ്ഞുനടക്കുന്നവര്‍, നിരാലംബര്‍ എന്നിവരെ കണ്ടെത്തി ജില്ലയിലെ ഒന്‍പതു കേന്ദ്രങ്ങളില്‍ സംരംക്ഷണം നല്‍കി. ജില്ലയിലെ ആകെയുള്ള 16,066 അന്യസംസ്ഥാന തൊഴിലാളികള്‍കളില്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യപ്പെട്ട 14,778 പേര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി 73,940 കിലോഗ്രാം അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു കഴിഞ്ഞു.
ജില്ലയില്‍ സൗജന്യ റേഷന്‍ 3,21,739 പേര്‍ക്ക് വിതരണം ചെയ്തു. ഐസാലേഷനില്‍ പാര്‍പ്പിക്കേണ്ടതും രോഗലക്ഷണങ്ങള്‍ ഉള്ളതുമായ അന്യസംസ്ഥാന തൊഴിലാളികളെ പുനരധിവാസ ക്യാമ്പുകളിലേക്കു മാറ്റിപാര്‍പ്പിക്കുന്നതിനു ബന്ധപ്പെട്ട തഹസില്‍ദാര്‍മാരുടെ നേത്രുത്വത്തില്‍ നടപടി സ്വീകരിച്ചു. ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്‍പതു ക്യാമ്പുകളിലായി 145 തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്കു നിരീക്ഷണം നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ അവരെ താമസിപ്പിക്കുന്നതിനായി കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കായി 9000 മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ച് വിശദാംശങ്ങളുടെ ഡിജിറ്റലൈസേഷന്‍ കളക്ടറേറ്റില്‍ ധൃതഗതിയില്‍ നടന്നുവരുന്നു. കടകളില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഒരു മീറ്റര്‍ ദൂരപരിധി പാലിക്കുന്നതിനാവശ്യമായ നടപടികള്‍ വില്ലേജ് ഓഫീസര്‍മാര്‍ മുഖേനയാണു സ്വീകരിച്ചത്. ക്വാറന്റൈനില്‍ ലംഘനം നടന്നാല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ പരിശോധന നടത്തി അതതു ദിവസം നടപടികള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. ആറു താലൂക്കുകളിലും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനവും സജീവമാണ്.
കളക്ടറേറ്റില്‍ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാണ്. സ്വകാര്യ ആശുപത്രികളായ പന്തളം അര്‍ച്ചന, റാന്നി മേനാംതോട്ടം എന്നിവിടങ്ങളില്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അഞ്ചു ഡബിള്‍ ചേംബറുകളുള്ള ആംബുലന്‍സ് ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസിനു നല്‍കി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി 60 ഔദ്യോഗിക/സ്വകാര്യ വാഹനങ്ങള്‍ ഏറ്റെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസിന് ആവശ്യമായ വാഹനങ്ങള്‍ ഏറ്റെടുത്ത് നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിനു 12 ലക്ഷം രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിച്ചു. പൊതുജനങ്ങളും സ്ഥാപനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാസ്മീഡിയ മോണിറ്ററിംഗ് സെല്‍ ആരംഭിച്ചു. ക്രമസമാധാനപാലനം നടപ്പാക്കുന്നതിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു.
തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ചു ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവരുടെ വിവരങ്ങള്‍ ജില്ലാപോലീസ് മേധാവിക്കു കൈമാറി. പെട്രോള്‍ പമ്പുകളില്‍ ആവശ്യമായ ഇന്ധനം നിലനിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു.
അവശ്യസാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസറെയും ലീഗല്‍ മെട്രോളജി അസി.കണ്‍ട്രോളറെയും നിയോഗിച്ചു. ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവയ്ക്കല്‍, അമിതവില ഈടാക്കല്‍, അനധികൃതമായി കട അടയ്ക്കല്‍, കട തുറക്കല്‍ എന്നിവ തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ സാനിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ആദിവാസി മേഖലയിലെ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിനായി റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. പാല്‍, പച്ചക്കറി വിതരണം എന്നിവ തടസപ്പെടാതിരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു.
എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഭരണ കേന്ദ്രം ആരംഭിച്ചു. വെന്റിലേറ്ററുകള്‍ വാങ്ങാന്‍ 55 ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തിരുന്ന ബി.പി.സി.എല്ലുമായി കരാര്‍ നടത്തി. ജില്ലയിലെ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, ശിശുഭവനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസറെ ചുമതലപ്പെടുത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും മില്‍മ മാനേജര്‍ക്കും നിര്‍ദ്ദേശം നല്‍കി. സാമൂഹ്യ നീതിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ശിശുഭവനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു മരുന്നുകള്‍ വിതരണം ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബിലേക്കു പ്രത്യേക പ്രവേശന കവാടം നിര്‍മ്മിക്കുന്നതിനു കെട്ടിടവിഭാഗ എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ കടകളില്‍ നിന്ന് വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില തൂക്കം, ഗുണമേന്മ, ശുചിത്വം എന്നിവ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കുകയും അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അവയുടെ നോഡല്‍ ഓഫീസര്‍ ആയി നിയമിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി 0468 2322515 എന്ന നമ്പരിലുള്ള കോള്‍സെന്ററും പ്രവര്‍ത്തിച്ചു വരുന്നു.
ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ എം.എസ് സാബു, ഏകോപന ചുമതല വഹിക്കുന്ന ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, നോഡല്‍ ഓഫീസര്‍ വി.എസ് വിജയകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എം.ആര്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഏകോപനം നടന്നു വരുന്നത്.