കൊച്ചി: കൊവിഡ്-19 സമൂഹവ്യാപനം തടയാന്‍ ശക്തമായ ക്രമീകരണങ്ങളുമായി സര്‍ക്കാര്‍. 14 ജില്ലകളെയും 14 മേഖലകളായി തിരിച്ചാണ് ക്രമീകരണങ്ങള്‍. പരിശോധന, ചികിത്സ, ഐസൊലേഷന്‍, ജീവന്‍രക്ഷാ സജ്ജീകരണങ്ങള്‍ എന്നിവക്കാണ് പ്രധാന പരിണഗന. കൂട്ടത്തോടെയുള്ള അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ എല്ലാ വകുപ്പുകളുടെയും സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും പുറമെ ഏറ്റെടുക്കേണ്ട സ്കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, കമ്യൂണിറ്റി സെന്റെറുകള്‍ തുടങ്ങിയവയുടെ വലിയൊരു പട്ടികയും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അത്യാവശ്യംവേണ്ട മരുന്നുകളും വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ജില്ല തലങ്ങളില്‍ കലക്ടര്‍മാര്‍ക്കാണ് പ്രധാന ചുമതല.
സംസ്ഥാനതല നിരീക്ഷണം ചീഫ് സെക്രട്ടറിക്കായിരിക്കും. മൊത്തം പ്രവര്‍ത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലായിരിക്കും. രോഗം സ്ഥിരീകരിച്ച ഒന്നാംഘട്ട രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്ത്തിയവരില്നിന്ന് സാധാരണക്കാരിലേക്കുള്ള പകര്‍ച്ചയാണ് രണ്ടാംഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത് തുടക്കത്തിലെ തടഞ്ഞുനിര്‍ത്താനുള്ള തീവ്രശ്രമവും മുന്‍കരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നത്.
കൊവിഡ്-19 മറ്റ് രാജ്യങ്ങളില്‍ വ്യാപിച്ചതിന്റെ രീതിയനുസരിച്ച് സമൂഹവ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് ഐ.എം.എ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന മുന്നറിയിപ്പും. അതിനാല്‍ വരുന്ന രണ്ടാഴ്ച വളരെ ജാഗ്രത്തായി പ്രവര്‍ത്തിക്കണമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.