എറണാകുളം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരണം. മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്.
ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഏഴാം തീയതിയാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് ദുബൈ വഴി നാട്ടിലെത്തിയത്. അച്ഛന്റെയും അമ്മയുടേയും സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവരെത്തിയ വിമാനത്തിലെ ആളുകളേയും നിരീക്ഷിക്കും. ഏഴാം തിയതി ദുബായി – കൊച്ചി EK 503 വിമാനത്തിലാണ് കുട്ടിയും മാതാപിതാക്കളും എത്തിയത്. ഈ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റ് എടുത്ത് അതാത് ജില്ലകൾക്ക് കൈമാറാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴുള്ളത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്ന് ഇവര്‍ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധനക്ക് വിധേയമാക്കും. കൂടുതൽ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് എല്ലായിടത്തും ഉള്ളത്. വിമാനത്താവളങ്ങളടക്കം അതീവ ജാഗ്രതയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്.