വയനാട് : മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടിയില്‍ കര്‍ശന നിയന്ത്രണം. കണ്ടെയ്ന്‍മെന്റ് സോണായ പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നെന്മനി, ഇടവക, തിരുനെല്ലി പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണ്‍. മാനന്തവാടി മുനിസിപ്പാലിറ്റിയും കണ്ടെയ്ന്‍മെന്റ് സോണിലാണ്. അതേസമയം ആദിവാസികള്‍ ഏറെയുള്ള തിരുനെല്ലിയില്‍ അതീവ ജാഗ്രത തുടരും. മാനന്തവാടി, ബത്തേരി കോടതികള്‍ താത്ക്കാലികമായി അടച്ചിട്ടുണ്ട്.
വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം പത്തായിട്ടുണ്ട്. ഇയാളില്‍ നിന്നും രോഗം പകര്‍ന്നയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ അവലോകന യോഗങ്ങളിലെ പങ്കാളിത്വത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്നും കളക്ടറും ഡി.എം.ഒയും പോലീസ് പ്രതിനിധിയും മാത്രം അവലോകന യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. ജില്ലയില്‍ അഡീഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.