പത്തനംതിട്ട : കോവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിച്ചും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചും പോലീസ്.
20 ന് തുടങ്ങിയ കോവിഡ് ബോധവല്‍ക്കരണ കാമ്പയിന്‍ ജില്ലയില്‍ വെള്ളിയാഴ്ചയും തുടര്‍ന്നു. അഡിഷണല്‍ എസ്പി ആര്‍.രാജന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, എസ്‌ഐമാര്‍ തുടങ്ങി പോലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും ഭൂരിപക്ഷം ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് ഈ പ്രവര്‍ത്തനം നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.
ജില്ലയിലെ പോലീസിനെ പൂര്‍ണമായും പ്രയോജനപ്പെടുത്തി ഇതുമായി ബന്ധപ്പെട്ട ഡ്യൂട്ടികള്‍ തുടരും. തുടര്‍ന്നുവരുന്ന രാത്രികാല നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതിന് പോലീസ് പരിശോധന ഊര്‍ജിതമാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്. മരുന്ന്, പാല്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങാനും നോമ്പുതുറയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഇളവുണ്ട്. അവശ്യസേവനങ്ങള്‍ക്ക് തടസമുണ്ടാവില്ല. സമയപരിധിക്കു ശേഷം തുറന്ന് വയ്ക്കുന്ന കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും അനാവശ്യമായി കറങ്ങിനടക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകും.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് 20 ന് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചത്. മാസ്‌ക് ധരിക്കാത്തവരെയും കൃത്യമായി ധരിക്കാതെ പുറത്തിറങ്ങിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും പൊതുഇടങ്ങളിലും വ്യാപാരസ്ഥാപങ്ങളിലും സാനിറ്റൈസറോ ഹാന്‍ഡ് വാഷോ ലഭ്യമാക്കാത്തവരെയും പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണത്തിലൂടെ അപകടം പറഞ്ഞു മനസിലാക്കികൊടുത്തു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലെ പ്രധാന സ്ഥലങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആളുകളെ ബോധവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരികയാണ്. പ്രോട്ടോകോള്‍ ലംഘനം നടത്തുന്നവര്‍ക്ക് ഉപദേശവും ശാസനയും നല്‍കുകയും പേര് ഉള്‍പ്പെടെയുള്ള വിശദാംശം ശേഖരിക്കുകയും ചെയ്തുവരുന്നു. പോലീസിനോട് ജനങ്ങള്‍ നന്നായി പ്രതികരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ലംഘനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നിയമനടപടി തുടരുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കേസ് എടുത്തു.
ഈമാസം 20 മുതല്‍ 22 വരെ ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 174 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 172 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഈ ദിവസങ്ങളില്‍ ആകെ 4123 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 2382 പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവന്ന മൂന്ന് പേര്‍ അത് ലംഘിച്ചതിന് കേസ് എടുക്കുകയും ചെയ്തു.