പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക.
വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടലില്‍ നിന്ന് എല്ലാ വാര്‍ഡിലും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി വോളണ്ടിയര്‍മാര്‍ മുഖേന ഭക്ഷണം എത്തിച്ച് നല്‍കുന്നു.
വീടുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും കോവിഡ് ബാധിതരായ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്കും ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം വോളണ്ടിയര്‍മാര്‍ മുഖേന എത്തിച്ചു നല്‍കുന്നു. ഏറ്റവും അര്‍ഹതപ്പെട്ടവരെ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തിയാണ് വോളണ്ടിയര്‍മാര്‍ മുഖേന ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണം എത്തിച്ച് നല്‍കുന്നത്.
മരുന്ന്, അവശ്യ സാധനങ്ങള്‍, ഭക്ഷണം തുടങ്ങിയവ എത്തിക്കാനും വോളണ്ടിയര്‍മാരുടെ സേവനം ഉപയോഗിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വെളിയില്‍ നിന്നും മരുന്ന് അത്യാവശ്യം വേണ്ടവര്‍ക്ക് ആവശ്യാനുസരണം എത്തിക്കുന്നതിനും വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്കില്‍ വിളിച്ച് ആവശ്യം അറിയിക്കുന്നവര്‍ക്കും വേണ്ട അവശ്യസേവനങ്ങള്‍ വോളണ്ടിയര്‍മാര്‍ മുഖേന ഉറപ്പാക്കിവരുന്നു.
ഗ്രാമപഞ്ചായത്തിലെ ആയൂര്‍വേദ ആശുപത്രിയില്‍ നിന്നും അത്യാവശ്യക്കാര്‍ക്ക്
മരുന്ന് വോളണ്ടിയര്‍മാര്‍ മുഖേന എത്തിക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ രണ്ട് പേരെന്ന കണക്കില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സേവനത്തിനായി വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആയൂര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുവരുന്നു. കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റും ഗ്രാമ പഞ്ചായത്ത് നടത്തിവരുന്നു.
ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സമിതികള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകള്‍ കയറി വിവരശേഖരണം നടത്തിവരുന്നു. ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണം ഉണ്ടോ, ഭക്ഷണം, മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് അത്യാവശ്യ സേവനം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാര്‍ മുഖേന എത്തിച്ച് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സമിതികള്‍ ആഴ്ചതോറും കൂടി സാഹചര്യം വിലയിരുത്തി അവശ്യം വേണ്ട നടപടികള്‍ കൈക്കൊണ്ടുവരുന്നു.