ന്യൂഡല്‍ഹി : രാജ്യത്ത് 18 മുതല്‍ 59 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ കരുതല്‍ ഡോസ് നാളെ മുതല്‍ സൗജന്യമായി നല്‍കും. കേന്ദ്ര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ കുത്തിവെപ്പ്. സെപ്റ്റംബര്‍ 27 വരെ ഈ പ്രായത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ എടുക്കാം.
സര്‍ക്കാര്‍ കുത്തിവെപ്പുകേന്ദ്രങ്ങളിലാണ് സൗജന്യ കരുതല്‍ഡോസ് നല്‍കുക. നിലവില്‍ 60 വയസ്സിനുമുകളിലുള്ളവര്‍ക്കും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കരുതല്‍ ഡോസ് സൗജന്യമായി നല്‍കുന്നത്. 18നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ രാജ്യത്തെ 77 കോടി ജനങ്ങളില്‍ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതല്‍ഡോസ് സ്വീകരിച്ചത്.