പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (20) പുതുതായി രണ്ടു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മേയ് 13ന് മുംബൈയില്‍നിന്ന് എത്തിയ 37 വയസുകാരനായ മെഴുവേലി സ്വദേശിക്കും മേയ് 14ന് കുവൈറ്റില്‍ നിന്നും എത്തിയ 34 വയസുകാരിയായ ഗര്‍ഭിണിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്റ്റാഫ് നഴ്‌സായ ഇവര്‍ റാന്നി-പെരുനാട് സ്വദേശിനിയാണ്. നിലവില്‍ ജില്ലയില്‍ ഏഴു പേര്‍ രോഗികളായിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 12 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 28 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതുതായി എട്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ഒരാളെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ജില്ലയില്‍ 11 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2499 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 316 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 27 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 183 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 2826 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 81 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 574 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് 172 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 5940 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 122 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 24 എണ്ണം പൊസിറ്റീവായും 5405 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 338 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 140 ടീമുകള്‍ ഇന്ന് ആകെ 16868 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ ഒന്‍പതു പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 14859 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 19 കോളുകള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍ 9205284484). 18 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ടുമായും ബന്ധപ്പെട്ടവ ആയിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് 16 കോളുകള്‍ ലഭിച്ചു. ഇവയില്‍ ഒരെണ്ണം നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവ ആയിരുന്നു. 124 പേര്‍ ഇന്ന് തിരിച്ചു പോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 345 കോളുകള്‍ നടത്തുകയും, 44 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് മൂന്നു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. 10 നഴ്‌സുമാരും 21 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 31 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി.
പത്തനംതിട്ട ജില്ലയിലെ ആദ്യ ഒന്നാംനിര കോവിഡ്-19 ചികിത്സാകേന്ദ്രം റാന്നി മേനാംതോട്ടം ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കളക്ടറുടെയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. 44 മുറികളിലായി 90 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച 18 ജീവനക്കാരെ ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.