പത്തനംതിട്ട : ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തുന്നവരില്‍ റെഡ് സോണില്‍ നിന്നുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. കളക്ടറേറ്റില്‍ പഞ്ചായത്ത് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
വരും ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി ജില്ലയിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഉണ്ടാകണം. റെഡ് സോണില്‍നിന്നു വരുന്നവരെ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിച്ച് കോവിഡ് കെയര്‍ സെന്ററുകളില്‍ ഐസലേറ്റ് ചെയ്യണം. ഐസലേറ്റ് ചെയ്തവര്‍ മുറിക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്നവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യണം. ഇവരും വീടുകളില്‍ മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് മുറിയ്ക്കകത്ത് തന്നെകഴിയണം.
ഓരോ ദിവസവും ബോര്‍ഡര്‍ കടന്നെത്തുന്നവരുടെ വിവരം പഞ്ചായത്ത് തലത്തില്‍ തയാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന ജില്ലാ ഭരണകൂടത്തിനു കൈമാറണം. ജില്ലയിലേക്ക് എത്തുന്നവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ ഐസലേറ്റ് ചെയ്യുന്നത് സംബന്ധിച്ച് അതത് നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് പഞ്ചായത്തിലേക്ക് എത്തുന്നവരുടെ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ശേഖരിക്കണം. നിരീക്ഷണത്തിലുള്ളവര്‍ പുറത്ത് ഇറങ്ങി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കോവിഡ് കെയര്‍ സെന്ററുകളില്‍ ആവശ്യമായ വോളണ്ടിയര്‍മാരെ ക്രമീകരിക്കും. കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം.
അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് ബന്ധപ്പെടുന്നതിനായും വാര്‍ഡ്, പഞ്ചായത്ത് തലത്തില്‍ സമിതികള്‍ കൂടണം. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ നമ്പരും അവിടെ പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാരുടെ വിവരവും ജില്ലാഭരണകൂടത്തിനു കൈമാറണം. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ജില്ലയിലേക്ക് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് കോവിഡ് കെയര്‍ സെന്ററുകളില്‍ ഐസലേറ്റ് ചെയ്യണം. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവരെ വീടുകളിലും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലും ഐസലേറ്റ് ചെയ്യണം. മൂന്നു ദിവസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ കോവിഡ് കെയര്‍ സെന്ററുകളും പൂര്‍ണമായും സജ്ജമാക്കണം. അതത് പഞ്ചായത്തുകളിലെത്തുന്നവരുടെ വിവരങ്ങള്‍ അതത് ദിവസങ്ങളില്‍ എംഎല്‍എമാരെ അറിയിക്കണം.
ഇപ്പോഴുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേ പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ കണ്ടെത്തണം. കോവിഡ് കെയര്‍ സെന്ററുകളില്‍ എത്താത്ത റെഡ് സോണില്‍ നിന്നുള്ളവരെ ഉടന്‍ തന്നെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ഐസലേറ്റ് ചെയ്യണം. ഐസലേറ്റ് ചെയ്തവര്‍ക്ക് ജനകീയ ഹോട്ടലുകള്‍ അടിയന്തരമായി ആരംഭിച്ച് അവിടെ നിന്നും ഭക്ഷണം എത്തിച്ചുനല്‍കണം. സെന്ററുകളിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും സന്ദര്‍ശനം അനുവദിക്കരുത്. അവിടെ പ്രവര്‍ത്തിക്കുന്ന ഓരോ പ്രവര്‍ത്തകരും ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും സഹായം രാത്രികാലങ്ങളില്‍ ഉണ്ടാകും.
ബോര്‍ഡര്‍ ചെക്ക് പോയിന്റില്‍ നിന്നും എത്തുന്നവരെ പഞ്ചായത്തുകളിലെ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ഐസലേറ്റ് ചെയ്യണം. പ്രവര്‍ത്തനം ആരംഭിക്കാത്ത സെന്ററുകളില്‍ ഐസലേറ്റ് ചെയ്യാന്‍ നിയോഗിക്കപെട്ടിട്ടുള്ളവരെ അതത് താലൂക്കുകളില്‍ ചാര്‍ജുള്ള ഡോക്ടറുടെയും തഹസീല്‍ദാരുടെയും നേതൃത്വത്തില്‍ താലൂക്കുകളില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററുകളിലേക്ക് മാറ്റണം. പാസ് ലഭിക്കാതെ ജില്ലയിലേക്ക് എത്തുന്നവരെയും അതത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ എത്തിയവരെയും സെന്ററുകളിലേക്ക് മാറ്റണം. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നവരും ശുചീകരണ തൊഴിലാളികളും മാലിന്യ നിര്‍മാര്‍ജനം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. മാസ്‌ക്, ഹാന്റ് വാഷ്, സാനിറ്റൈസര്‍ എന്നിവ ആവശ്യാനുസരണം എല്ലാ സെന്ററുകളിലും നിര്‍ബന്ധമാക്കണമെന്നും ഒപ്പം ഐസലേറ്റ് ചെയ്തവരും പ്രവര്‍ത്തിക്കുന്ന വോളണ്ടിയര്‍മാരും ശാരീരിക അകലം പാലിക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
എഡിഎം അലക്സ് പി. തോമസ്, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, ഡിഡിപി എസ്. സൈമ, തഹസീല്‍ദാര്‍മാര്‍, വിവിധയിടങ്ങളില്‍ നിന്നായി പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.