ഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. 24 മണിക്കൂറിനിടെ 1,65,553 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,460 പേരാണ് കൊവിഡ് മൂലം മരിച്ചത്. 2,76,309 പേര്‍ രോഗമുക്തരായി.
സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന്‍ ഒരുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും, ജീവനക്കാര്‍ക്ക് വേണ്ടി സ്വകാര്യ ഓഫീസുകളിലും മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു. സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ 10% ത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02 % മായി കുറഞ്ഞു. രാജ്യത്ത് ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ ആംഫോട്ടെറിസിന്‍ ബി യുടെ 2ലക്ഷം വയല്‍ മരുന്നുകള്‍ അമേരിക്കയില്‍ നിന്നും ഇന്ത്യലേക്ക് എത്തിച്ചേര്‍ന്നു. ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നും പ്രതിരോധ മരുന്ന് ഇറക്കുമതി ചെയ്തതെന്ന് ഇന്ത്യ അംബാസഡര്‍ താരഞ്ചിത് സിംഗ് സന്ധു പറഞ്ഞു.
അതേസമയം വിയറ്റ്‌നാംമില്‍ വായുവിലൂടെ അതിവേഗം പടരുന്ന കൊറോണ വൈറസ് വകേഭദം കണ്ടെത്തി. ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി നുയിന്‍ താന്‍ഹ് ലോങാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയ വിവരം അറിയിച്ചത്. അതിവേഗം പടരുന്ന ഈ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.