ന്യൂഡല്‍ഹി: വീണ്ടും കോവിഡ് ഭീതി. കോവിഡ് കേസുകളില്‍ ഇനി ജാഗ്രത തുടരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നേരത്തെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് ഒറ്റ ദിവസം 1071 പേരെ കോവിഡ് ബാധിച്ച സാഹചര്യത്തിലാണ്. പരിശോധനകള്‍ കുറവാണ്. അതുകൊണ്ട് തന്നെ കോവിഡ് കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പല തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും കോവിഡ് വരുന്നത് പ്രതിസന്ധി കൂടും. വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയേക്കും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.3 ലക്ഷം ആയെന്നും മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ചൈന പുറത്തുവിടണമെന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ കോവിഡ് നിയന്ത്രണവും നീക്കി.
കോവിഡില്‍ വിശദ പഠനമാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ഇതു ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്കു ലഭ്യമാക്കണം. 2019 അവസാനം കോവിഡ് ആദ്യം കണ്ടെത്തിയ വുഹാനിലെ ചന്തയില്‍ വില്‍പനയ്ക്കുണ്ടായിരുന്ന റാക്കൂണ്‍ നായയുടെ (ഒരിനം കരടി) ജീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതു സൂചിപ്പിക്കുന്ന ഡേറ്റ ചൈന ആദ്യം പുറത്തുവിട്ടെങ്കിലും പിന്നീടു നീക്കം ചെയ്തു. തുടര്‍ന്നാണു വിദഗ്ദ്ധര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരു മാസത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ദ്ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. ഫെബ്രുവരി 21ന് 100 ല്‍ താഴെ (95) എത്തിയ കേസുകളാണ് കഴിഞ്ഞ ദിവസം ആയിരത്തിലേറെയായി ഉയര്‍ന്നത്. ഇതിനുമുമ്പ് നവംബര്‍ 10നാണ് ആയിരത്തിലേറെ പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കര്‍ണാടകം (121) എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്‌നാട് (64), ഡല്‍ഹി (58), ഹിമാചല്‍ പ്രദേശ് (52) എന്നിവിടങ്ങളിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.
ജനുവരി 31ന് 1755 വരെ എത്തിയ സജീവ കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച് 5915 ആയി. എന്നാല്‍ കോവിഡ് സംബന്ധിച്ച് അപകടകരമായ ഒരു സ്ഥിതിവിശേഷം രാജ്യത്തില്ല. എന്നാല്‍ വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ചൈനയിലും ജപ്പാനിലുമൊക്കെ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ദിവസേന വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. അതിപ്പോള്‍ ശരാശരി ആറായിരത്തിനടുത്ത് മാത്രമാണ്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂക്ഷ്മമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ജില്ലാ, സബ് ജില്ലാ തലങ്ങളില്‍ സൂക്ഷ്മമായി വ്യാപനകാരണങ്ങള്‍ വിലയിരുത്താനാണ് നിര്‍ദ്ദേശം.