ലഖ്‌നൗ : ഉന്നാവ് ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് 14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അധികൃതര്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഉന്നാല് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. യാതൊരു കാരണവുമില്ലാതെ അധികൃതര്‍ മോശമായി പെരുമാറുകയാണെന്നും ജോലി ചെയ്‌തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഇവര്‍ ആരോപിച്ചു.
മുഴുവന്‍ സമയം ജോലി ചെയ്തിട്ടും ജോലിക്ക് ഹാജരായില്ല എന്നാണ് അധികൃതര്‍ രേഖപ്പെടുത്തുന്നത്. ഉന്നത അധികൃതര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ എല്ലാവരും കുറ്റപ്പെടുത്തും. 30 കിലോമീറ്റര്‍ അകലെ ജോലി ചെയ്യുന്നവര്‍ പോലും അവലോകന യോഗത്തില്‍ എത്തണമെന്ന് വാശി പിടിക്കുകയാണ്’-ഡോ. ശരദ് വൈശ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ഡോക്ടര്‍മാര്‍ ടീമിന്റെ ഭാഗമാണ്. അവര്‍ അപരിചിതരല്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉന്നാവിലെ ഗംഗാ തടത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ച നിലയില്‍ കണ്ടെത്തിയത്.