തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുമാസത്തിന് ശേഷം ഇന്ന് വീണ്ടും തിരുവനന്തപുരത്തെത്തും. കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി ആശുപത്രിയില്‍ നിന്നും വീണ്ടും കണ്ണൂരേക്കായിരുന്നു പോയത്. ഓണ്‍ലൈന്‍ വഴിയായിരുന്നു മന്ത്രിസഭ യോഗങ്ങള്‍. ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന അദ്ദേഹം കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ചുമതല നല്‍കും.
കോവിഡ് രൂക്ഷമാകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗവര്‍ദ്ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി നില്‍ക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.
സംസ്ഥാനത്ത് ഇന്നലെ മാത്രം 19,577 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. നിലവില്‍ 1,18,673 പേര്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. 17.45 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളത്ത് മൂവായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ടായിരത്തിലധികമാണ് ഇന്നലത്തെ കണക്ക്.
അതേസമയം സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം തുടരുകയാണ്. സംസ്ഥാനത്തെ ആയിരത്തിലേറെ വാക്സിന്‍ കേന്ദ്രങ്ങളില്‍ 200 എണ്ണം മാത്രമാണ് തിങ്കളാഴ്ച പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് തീരും വരെ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വാക്‌സിന്‍ ക്ഷാമം രണ്ടാം ഡോസ് വിതരണത്തിനു പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആദ്യ ഡോസ് എടുത്ത അനേകം പേര്‍ക്കു രണ്ടാം ഡോസ് കിട്ടിയില്ലെന്ന പരാതി വ്യാപകമാണ്.