തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗ ലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്നത് വ്യക്തമല്ല.
കഴിഞ്ഞ മാസം 28 നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലയില്‍ ഉറവിടമറിയാതെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം നാല് പേര്‍ക്കാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. പാളയം സാഫല്യം കോംപ്ലക്സിലെ അസം സ്വദേശിയായ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.
അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാഫല്യം കോംപ്ലക്സും പാളയം മാര്‍ക്കറ്റും ഏഴ് ദിവസത്തേക്ക് പൂര്‍ണമായി അടച്ചിടാന്‍ തിരുവനന്തപുരം മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. വഴിയോര കച്ചവടക്കാര്‍ക്ക് അനുമതി ഉണ്ടാകില്ല. നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. കൊവിഡ് സ്ഥിരീകരിച്ച ഇടങ്ങളില്‍ അണുനശീകരണം നടത്തിയിരുന്നു. പാളയം വാര്‍ഡില്‍ കര്‍ശന നിയന്ത്രണമാണുള്ളത്.