ബെംഗളൂരു : കര്‍ണാടകയിലെ കൊലാര്‍ കെജിഎഫ് കോളജ് ഓഫ് ഡെന്റല്‍ സയന്‍സസ് ആന്റ് ഹോസ്പിറ്റലില്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകറാണ് വാര്‍ത്ത പുറത്തുവിട്ടത്.
32 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും എല്ലാവരും നഴ്‌സിങ് വിദ്യാര്‍കളാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്ത ദിവസം മന്ത്രി കോളജ് സന്ദര്‍ശിക്കുന്നുണ്ട്. കോളജ് മാനേജ്‌മെന്റിനെതിരേ നിയമനടപടിക്കൊരുങ്ങുന്നതായും റിപോര്‍ട്ടുണ്ട്. അക്കാര്യം ആരോഗ്യമന്ത്രിയും ശരിവച്ചു.
പ്രതിദിന രോഗബാധ 50,000ത്തില്‍ നിന്ന് 700-800ലേക്ക് കൊണ്ടുവന്നത് ഏറെ പണിപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ 1,217 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1198 പേര്‍ രോഗമുക്തരായി. 25 പേര്‍ മരിച്ചു. നിലവില്‍ 18,386 പേരാണ് ചികില്‍സ തേടുന്നത്.