യുഎസ് : ഫൈസര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച യുഎസ് നഴ്സിന് എട്ടുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചു. സാന്റിയാഗോയിലെ ആശുപത്രിയില്‍ നഴ്സായ മാത്യു എന്ന നഴ്സ് ഡിസംബര്‍ 18നാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിച്ച ശേഷം കൈയില്‍ ഒരുദിവസത്തോളം വേദന തോന്നിയിരുന്നുവെന്നും മറ്റൊരു പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം എബിസി 10 ന്യൂസിനോട് പറഞ്ഞു.
– സ്വീകരിച്ച് ആറു ദിവസം കഴിഞ്ഞപ്പോള്‍ 45കാരനായ നഴ്സിന് ജോലിക്കിടെ അസ്വസ്ഥത തോന്നി. കോവിഡ് യൂണിറ്റിലായിരുന്നു ആ സമയം ജോലി നോക്കിയിരുന്നത്. തണുപ്പും പേശി വേദനയും അനുഭവപ്പെട്ടു. അടുത്ത ദിവസം പരിശോധനക്ക് വിധേയമായപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്രിസ്മസ് ദിനത്തില്‍ രോഗലക്ഷണങ്ങള്‍ കലശലായെങ്കിലും അതിനുശേഷം കുറഞ്ഞു.
ഇത്തരം കേസുകള്‍ പ്രതീക്ഷിച്ചതാണെന്ന് സാന്റിയാഗോയിലെ ഫാമിലി ഹെല്‍ത്ത് സെന്ററിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ക്രിസ്റ്റ്യന്‍ റാമേഴ്സ് പറഞ്ഞു. “വാക്സിന്‍ സ്വീകരിക്കുന്നതിന് മുമ്ബ് മാത്യുവിന് രോഗം ബാധിച്ചിരിക്കാം, കാരണം ഇന്‍കുബേഷന്‍ കാലയളവ് രണ്ടാഴ്ചവരെയാകാം. കൂടാതെ, വാക്സിനില്‍ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിന് 10 മുതല്‍ 14 ദിവസം വരെ വേണ്ടിവരുമെന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വ്യക്തമായതാണ്”- ക്ലിനിക്കല്‍ ഉപദേശക സമിതിയില്‍ അംഗം കൂടിയായ റാമേഴ്സ് പറയുന്നു.
വാക്സിന്‍ സ്വീകരിക്കുന്ന സമയം തന്നെ വൈറസ് ബാധയേറ്റ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “വാക്സിന്റെ ഫലം ഉടനടി ലഭിക്കില്ല എന്ന വസ്തുത ഈ കേസുകളില്‍ നിന്നെല്ലാം വ്യക്തമാകുന്നു. നിങ്ങള്‍ക്ക് കുറേയൊക്കെ പരിരക്ഷ ലഭിക്കാന്‍ തുടങ്ങിയാല്‍പോലും അത് പൂര്‍ണ പരിരക്ഷയായിരിക്കില്ല”- റാമേഴ്സ് പറഞ്ഞു, ആദ്യ ഡോസ് 50 ശതമാനം പരിരക്ഷയും രണ്ടാമത്തെ ഡോസ് 95 ശതമാനം വരെ സുരക്ഷയും നല്‍കുന്നു .
അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഡിസംബര്‍ 11നാണ് ഫൈസര്‍ ബയോന്‍ടെക് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. അമേരിക്കന്‍ മരുന്ന് കമ്ബനിയായ ഫൈസര്‍ ജര്‍മന്‍ കമ്ബനിയായ ബയോന്‍ടെക്കിനൊപ്പം ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ 95 ശതമാനം വരെ ഫലപ്രദമാണെന്നായിരുന്നു പരീക്ഷണങ്ങള്‍ക്ക് ശേഷം കമ്ബനി അവകാശപ്പെട്ടത്. ബ്രിട്ടന്‍, കാനഡ, മെക്സിക്കോ, സൗദി അറേബ്യ, ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വാക്സിന്‍ ഉപോയഗത്തിന് അനുമതി നല്‍കി കഴിഞ്ഞു.