ഹോങ്‌കോങ് : കോവിഡ്-19 ഒരു തവണ പിടിപെട്ട വ്യക്തിയ്ക്ക് വീണ്ടും രോഗബാധയുണ്ടാകുമെന്ന് ഹോങ്‌കോങ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ സ്ഥിരീകരണം. ഒരു തവണ കൊറോണവൈറസ് ബാധിച്ചയാള്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടായതിന്റെ തെളിവ് ലഭിച്ചതായി ഗവേഷകസംഘം വ്യക്തമാക്കി. ആദ്യമായാണ് കോവിഡ് വീണ്ടും ബാധിക്കാമെന്ന് വാദം സ്ഥിരീകരിക്കുന്ന ശാസ്ത്രീയതെളിവ് ലഭിച്ചത്. ഇത്തരത്തിലുള്ള രോഗികളില്‍ നിന്ന് കോവിഡ് പകരാമെന്നതാണ് പുതിയ ഭീഷണി.
സ്‌പെയിനില്‍ നിന്ന് ഹോങ്‌കോങ്ങിലേക്ക് മടങ്ങിയെത്തിയ 33-കാരനില്‍ നടത്തിയ ജനിതക പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ സ്ഥിരീകരണത്തിലെത്തിയത്. ഓഗസ്റ്റ് പകുതിയോടെ മടങ്ങിയെത്തിയ ഇയാള്‍ക്ക് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊറോണവൈറസിന്റെ മറ്റൊരു വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. മാര്‍ച്ചില്‍ ഇയാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നുവെന്ന് ശാസ്ത്രസംഘത്തലവനും മൈക്രോബയോളജിസ്റ്റുമായ ഡോ. കെല്‍വില്‍ കായ്-വാങ് ടൊ പറഞ്ഞു.
ആദ്യം രോഗബാധയുണ്ടായ സന്ദര്‍ഭത്തില്‍ ഇയാള്‍ക്ക് മിതമായ രോഗലക്ഷണങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ രണ്ടാമത്തെ തവണ വൈറസ് ബാധയുണ്ടായപ്പോള്‍ യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചില്ല. ഒരു തവണ വൈറസ് ബാധയുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അതിനെതിരെയുള്ള പ്രതിരോധശേഷി എല്ലാവരിലും ഉണ്ടാകാനിടയില്ലെന്നും എത്ര പേര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുമെന്ന് കണക്കുകൂട്ടാനാവില്ലെന്നും ഡോ. കെല്‍വിന്‍ അറിയിച്ചു.
ക്ലിനിക്കല്‍ ഇന്‍ഫെക്ടിയസ് ഡിസീസസ് ജേണല്‍ (Clinical Infectious Diseases Journal) ഗവേഷണ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയെങ്കിലും മുഴുവന്‍ പഠനഫലവും ലഭിക്കാതെ ഒരു നിഗമനത്തിലെത്തുന്നതിനെ ചില സ്വതന്ത്രഗവേഷകര്‍ എതിര്‍ക്കുന്നതിനാല്‍ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരിക്കല്‍ കോവിഡ്-19 പിടിപെട്ടയാള്‍ക്കുണ്ടാകുന്ന വൈറസ് പ്രതിരോധശേഷി, പ്രതിരോധ ശേഷിയുടെ കാലയളവ് എന്നിവ വൈറസിനെതിരെയുള്ള വാക്‌സിന്‍ വികസനത്തില്‍ നിര്‍ണായകഘടകങ്ങളാണ്.
ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ഒരു തവണ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ വീണ്ടും രോഗബാധയുണ്ടാകുന്ന ആളില്‍ പ്രതിരോധസജ്ജമാകുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. വീണ്ടും രോഗബാധയുണ്ടാകുമ്പോള്‍ വൈറസിന്റെ മറ്റൊരു പതിപ്പാണ് കാണപ്പെടുന്നത്. അതിനാല്‍ ഒരു തവണ രോഗബാധയുണ്ടായാല്‍ വൈറസ് പ്രതിരോധമാര്‍ഗങ്ങളായ മുഖാവരണം, സാമൂഹികാകലം പാലിക്കല്‍ എന്നിവ തുടരുന്നത് അനിവാര്യമാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍, വൈറസ് വീണ്ടും ബാധിക്കുമെന്നത് ഒരു സാധ്യത മാത്രമാണെന്നും വീണ്ടും വൈറസ് ബാധയുണ്ടായാല്‍ പ്രതിരോധിക്കാന്‍ ശരീരം പ്രാപ്തമായിരിക്കുമെന്നും ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ ഗവേഷകനായ ഡോ. ജെസ്സി ഗുഡ്മാന്‍ പറയുന്നു. പ്രകൃത്യാലുള്ള പ്രതിരോധം വാക്‌സിനുകള്‍ക്കും വെല്ലുവിളിയുയര്‍ത്താമെന്നും വാക്‌സിനിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായി വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുതവണ കൊറോണവൈറസ് ബാധിച്ചവരില്‍ വീണ്ടും വൈറസ് പിടിപെട്ടതായി വിശ്വസിക്കുന്നതായി മെയ് മാസത്തില്‍ വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വെ വ്യക്തമാക്കിയിരുന്നു. വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് നല്ല ലക്ഷണമായി കരുതാമെന്നാണ് ഫിലഡെല്‍ഫിയയിലെ ഡോ. പോള്‍ ഒഫിറ്റിന്റെ അഭിപ്രായം. പ്രതിരോധശേഷി വര്‍ധിച്ചതിന്റെ ലക്ഷണമായി ഇത് കണക്കാക്കാമെന്ന് ഡോ. പോള്‍ പറയുന്നു. ആദ്യ വൈറസ് ബാധയുണ്ടായി നാളുകള്‍ക്ക് ശേഷം വീണ്ടം രോഗം സ്ഥിരീകരിക്കുന്നത് വൈറസ് ശരീരത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുമാറാത്തതിന്റെ സൂചനയായിരിക്കാമെന്ന് ഒരു സംഘം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.