ചെന്നൈ : നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാര്‍ഡില്‍ ഉപേക്ഷിച്ചതായി വിവരം. മുപ്പതോളം രോഗികളുള്ള വാര്‍ഡിലാണ് സുരക്ഷാ മുന്‍കരുതല്‍ പോലും പാലിക്കാതെ ഇത്തരത്തില്‍ മൃതദേഹം ഉപേക്ഷിച്ചത്. വിവരം വാര്‍ത്തകളായി പുറത്തു വന്നതോടെ സംഭവത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആശുപത്രിയിലെ മുപ്പതിലധികം രോഗികളുള്ള വാര്‍ഡിലാണ് എട്ട് മണിക്കൂറിലധികം മൃതദേഹം ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് ചെന്നൈ സ്വദേശിയായ 54-കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് വിവരം. പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റാനെടുത്തത് എട്ട് മണിക്കൂറിലധികം സമയം. രോഗബാധ തടയാനായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ മൃതദേഹം കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് രോഗികള്‍ക്കിടയില്‍ തന്നെ ഉപേക്ഷിച്ച് ജീവനക്കാര്‍ മെഡിക്കല്‍ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഉത്തരവെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനകം രോഗിയെ മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന ഡോക്ടര്‍മാരുടെ വിശദീകരണം വാര്‍ഡിലുള്ളവര്‍ തന്നെ തള്ളിക്കളയുകയാണ്. ആശുപത്രി അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.