തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ചു സംസ്‌കരിച്ചു. ഇന്നു രാവിലെ മെഡിക്കല്‍ കോളജില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം മസ്ജിദില്‍ കൊണ്ടുവന്നു. പൊതിഞ്ഞിരുന്ന കവറുകള്‍ നീക്കി മൃതദേഹം പുറത്തെടുത്ത് കുളിപ്പിച്ച ശേഷം മതാചാരപ്രകാരം സംസ്‌കരിച്ചുവെന്നാണ് കണ്ടെത്തല്‍. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനു സമീപമുള്ള എം.എല്‍.സി മസ്ജിദിലാണ് സംഭവം നടന്നത്.
തൃശൂര്‍ വരവൂര്‍ സ്വദേശി ഖജീദ (53) ഇന്നലെയാണ് മരിച്ചത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്ന ഉറപ്പോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹം നേരെ ശ്മശാനത്തില്‍ എത്തിച്ച് മതാചാര പ്രകാരം സംസ്‌കരിക്കാമെന്നാണ് നിബന്ധന. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയായിരുന്നു നടപടി. ശ്മശാനത്തിലേക്ക് എത്തിക്കുന്നതിനു പകരം നേരെ പള്ളിയില്‍ കൊണ്ടുപോയി മതപരമായ ചടങ്ങുകള്‍ നടത്തുകയായിരുന്നു.
സംഭവം വളരെ അസ്വഭാവികമായ കാര്യമാണെന്ന് ജില്ലാ കളക്ടര്‍ എ.ഷാനവാസ് പറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കുറഞ്ഞ ആളുകള്‍ പങ്കെടുത്ത് ചടങ്ങ് നടത്തണമെന്നാണ് കോവിഡ് മാനദണ്ഡം. ഇത് പൂര്‍ണ്ണമായും ലംഘിച്ചുവെന്ന് കണ്ടെത്തിയതായി കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതല്‍ കോവിഡ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. സര്‍ക്കാര്‍ പ്രതിനിധികളായിരിക്കും സംസ്‌കാരം നടത്തുക. ബന്ധുക്കള്‍ക്ക് വേണമെങ്കില്‍ മൃതദേഹത്തെ അനുഗമിക്കാമെന്നും കളക്ടര്‍ അറിയിച്ചു.
കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതായും ആംബുലന്‍സ് പിടിച്ചെടുത്തതായും കളക്ടര്‍ അറിയിച്ചു. സ്വാന്തനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരാവാഹികള്‍ക്കും ബന്ധുകള്‍ക്കും പളളി അധികൃതര്‍ക്കുമെതിരെയാണ് കേസ്. നിരാശജനകമായ നടപടിയായിരുന്നുവെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
കോവിഡ് മാനദണ്ഡം ലംഘിച്ച് സംസ്‌കാരം നടത്തുന്നുവെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും സ്ഥലത്ത് പരിശോധന നടത്തിയത്. പരാതി സത്യമാണെന്ന് കണ്ടെത്തുകയും തെളിവുകള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് കളക്ടര്‍ അറിയിച്ചു.