കൊച്ചി : ചൊവ്വാഴ്ചവരെയുള്ള കണക്കനുസരിച്ച് ഐസിഎംആര്‍ മാര്‍ഗനിര്‍ദേശപ്രകാരം 5958 കോവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 4472 പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണ്. ആകെ മരണനിരക്കിന്റെ 75.05 ശതമാനം വരുമിത്.
അതേസമയം 40 വയസ്സിന് മുകളിലുള്ളവരിലെ മരണനിരക്കിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. മരിച്ച 1254 പേര്‍ 40 വയസ്സിന് മുകളിലുള്ളവരാണ്. ഏകദേശം 22 ശതമാനം. 18 മുതല്‍ 40 വയസ്സിന് ഇടയിലുള്ള 219 (3.67 ശതമാനം) പേരും കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. കുട്ടികളില്‍ (0—17) 13 മരണമാണ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് ബാധിച്ച യുവാക്കളില്‍ രോഗസ്ഥിരീകരണവും മരണനിരക്കും കൂടുതലാണ്. ആദ്യഘട്ട വ്യാപനത്തില്‍ പ്രായമായവരില്‍ മാത്രം ഒതുങ്ങിനിന്ന വൈറസ് രണ്ടാംവ്യാപനത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതായാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
നിലവില്‍ 0.3 ശതമാനം മാത്രമാണ് സംസ്ഥാനത്തെ മരണനിരക്ക്. രോഗനിരക്ക് ഇനിയും ഉയര്‍ന്നാലും ഇത് ഒരു ശതമാനത്തിലധികം പോകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. ഏറ്ററവും കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്, 1152 പേര്‍. കോഴിക്കോട്, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 500ന് മുകളിലാണ് മരിച്ചവരുടെ എണ്ണം.