റിയാദ് : കൊവിഡ് ബാധിച്ച് മലയാളിയായ ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു. ദമ്മാമില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററിലെ ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട ഇലന്തൂര്‍ മടുക്കോലില്‍ ജൂലി മേരി സിജു (41) ആണ് മരിച്ചത്. ആസ്തമ രോഗിയായിരുന്ന ജൂലി രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശ്വാസകരമായ നിലയിലായിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. 15 വര്‍ഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്നു. ദമ്മാമിലെ കലാ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ് മാത്യു എബ്രഹാം സിജു നാപ്‌കോ കമ്പിനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലിന്‍ , ഇവാന്‍.
ഗായികയും സൗദി ദമ്മാം മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ക്വയറില്‍ സജീവ അംഗവുമായിരുന്ന ജൂലി നാട്ടില്‍ മാരാമണ്‍ ഗായക സംഘത്തിലെ മുന്‍ പ്രധാന ഗായിക കൂടിയായിരുന്നു. ജൂലിയുടെ ഇരട്ട സഹോദരി ജൂബി, റവ.ഷിബു മാത്യുവിന്റെ (അടൂര്‍ ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. മാര്‍ പൗലോസിന്റെ സെക്രട്ടറി), ഭാര്യയാണ്. ജൂലിയുടെ മൂത്ത സഹോദരി റവ. എന്‍.ഐ മത്തായിയുടെ മകന്‍ പ്രസാദിന്റെ ഭാര്യയുമാണ്.