എറണാകുളം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി. മരണത്തിന് കീഴടങ്ങിയവര്‍ എറണാകുളം സ്വദേശികളാണ്. ആലുവ സ്വദേശിനി നബീസയും (73) ഐരാപുരം സ്വദേശി വിശ്വംഭരനും (92) ആണ് മരിച്ചത്. ഇരുവരും കോവിഡ് ബാധിച്ച് കളമശേരി എംസിഎച്ചില്‍ ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നാലാമത്തെ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ മാത്രം ഇന്നലെ 246 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 1,050 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതില്‍ 871 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തി. ഒരാള്‍ വിദേശത്തു നിന്നുമെത്തി. രണ്ടു പേര്‍ കൊവിഡ് മൂലം മരിച്ചു. അരുവിക്കര സ്വദേശി കെ. മോഹനന്‍(60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍(45) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.